വാക്‌സിന്‍ ചലഞ്ചിലേക്ക് കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഒരു കോടി രൂപ നല്‍കി


കോഴിക്കോട്: സംസ്ഥാനത്തെ കോവിഡ് വാക്‌സിന്‍ ചലഞ്ചിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഒരു കോടി രൂപ നല്‍കി. ജില്ലാ പഞ്ചായത്തിന്റെ തനത് ഫണ്ടില്‍നിന്നാണ് ഒരു കോടി രൂപ നല്‍കിയത്.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാനത്തില്‍ ജമീല കലക്ടര്‍ എസ് സാംബശിവ റാവുവിന് ചെക്ക് കൈമാറി. പേരാമ്പ്ര വനിതാ ഹോസ്റ്റല്‍ കോവിഡ് ആശുപത്രിയാക്കി മാറ്റുന്നതിന് പേരാമ്പ്ര ഇ. എം.എസ് സഹകരണ ആശുപത്രിക്ക് മൂന്നു മാസത്തേക്ക് വിട്ടുകൊടുക്കാന്‍ ജില്ലാ പഞ്ചായത്ത് നടപടി സ്വീകരിച്ചു. വില്ല്യാപ്പള്ളി വനിതാ ഹോസ്റ്റല്‍ കെട്ടിടവും കൂത്താളി ഫാമിലെ പരിശീലന കേന്ദ്രവും ഡൊമിസിലറി കെയര്‍ സെന്ററാക്കി മാറ്റുന്നതിനും ജില്ലാ പഞ്ചായത്ത് തീരുമാനിച്ചു.

കൊളത്തറ വി കെ സി റബ്ബര്‍ ഇന്‍ഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ് 12 ലക്ഷം രൂപയുടെയും പി കെ രഞ്ജിത് കുമാര്‍(കരുമല, ചാലപ്പുറം)രണ്ടര ലക്ഷം രൂപയുടെയും ചെക്ക് കലക്ടര്‍ സാംബശിവറാവുവിന് കൈമാറി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം പി ശിവാനന്ദന്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ മുക്കം മുഹമ്മദ്, അഡ്വ. പി ഗവാസ്, നാസര്‍ എസ്റ്റേറ്റ് മുക്ക്, എ ഡി എം. എന്‍ പ്രേമചന്ദ്രന്‍, ഫിനാന്‍സ് ഓഫീസര്‍ വി ബാബു എന്നിവര്‍ സംബന്ധിച്ചു.