വാക്‌സിൻ ലഭ്യതക്കുറവ്: ജില്ലയിൽ കൊവിഡ് വാക്സിനേഷൻ ബുക്കിങ് നിലച്ചു
കോഴിക്കാട്: വാക്‌സിൻ ലഭ്യത കുറഞ്ഞതിനാൽ ജില്ലയിൽ ഓൺലൈൻ ബുക്കിങ് നിലച്ചു. വിതരണ കേന്ദ്രങ്ങളിൽ വാക്‌സിൻ എത്തിയ ശേഷം ഇനി ഞായറാഴ്‌ചയേ ബുക്കിങ് പുനരാരംഭിക്കൂ. കഴിഞ്ഞ ദിവസം ലഭിച്ച വാക്‌സിൻ ഗർഭിണികൾ, പ്രവാസികൾ എന്നിവർക്കായി നൽകി. വ്യാഴം, വെള്ളി ദിവസങ്ങളിൽ ബുക്ക് ചെയ്യാൻ ശ്രമിച്ചിട്ടും ലഭിച്ചില്ല.
കലക്ടറുടെ ഫേസ്‌ബുക്ക് പേജിലൂടെ നിരവധി പേർ പരാതിപ്പെട്ടപ്പോൾ ബുക്കിങ് നിർത്തിവെച്ചതായി അദ്ദേഹം അറിയിച്ചു. ഞായറാഴ്‌ച ബുക്കിങ് തുടങ്ങി തിങ്കളാഴ്‌ച മുതൽ വിതരണം നടക്കും. വെള്ളിയാഴ്‌ച വൈകിട്ട് 39,000 ഡോസ് കോവീഷീൽഡ് എത്തിയിട്ടുണ്ട്. ഇത് അടുത്ത ദിവസങ്ങളിൽ വിതരണ കേന്ദ്രങ്ങളിൽ എത്തിക്കും. ചൊവ്വാഴ്‌ച 14,500 ഡോസാണ് കോവിഷീൽഡ് ലഭിച്ചത്. ഇത് ഗർഭിണികൾക്കുള്ള ക്യാമ്പിലേക്ക് നൽകി.
മൂന്ന് ദിവസങ്ങളായി വളരെ കുറവ് വിതരണം മാത്രമേ ജില്ലയിൽ നടക്കുന്നുള്ളൂ. വ്യാഴാഴ്‌ച 1601 പേർക്ക് മാത്രമാണ് നൽകിയത്. ചൊവ്വാഴ്‌ച 5328 ഉം ബുധനാഴ്‌ച 8067 ഉം ഡോസാണ് വിതരണം. വെള്ളിയാഴ്‌ച 3041 പേർക്കാണ് നൽകിയത്. ഇത് കൂടുതലും ഗർഭിണികൾക്കും പ്രവാസികൾക്കുമാണ്.