വാക്സിൻ; ഓൺലൈൻ രജിസ്‌ട്രേഷനിൽ സർവത്ര ആശയക്കുഴപ്പം


കോഴിക്കോട്: കോവിഡ് വാക്സിൻ എടുക്കാനുള്ള ഓൺലൈൻ രജിസ്‌ട്രേഷനിലെ പ്രയാസം തുടരുന്നു. പോർട്ടലിലെ പ്രശ്നങ്ങൾ കൂടിവരുമ്പോൾ പ്രായമായവരാണ് ഏറെ ബുദ്ധിമുട്ടുന്നത്. മുതിർന്ന പൗരന്മാർക്കെങ്കിലും സ്പോട്ട് രജിസ്‌ട്രേഷനിലൂടെ ഒരുദിവസം നിശ്ചിതഡോസ് മരുന്ന് നൽകണമെന്നാണ് ആവശ്യം.

ബുധനാഴ്ച മുതൽ 18 വയസ്സിന് മുകളിലുള്ളവർക്ക് വാക്സിൻ രജിസ്‌ട്രേഷൻ തുടങ്ങുമ്പോൾ തിരക്ക് കൂടും. ലഭ്യത കുറവായതിനാൽ ഓരോ ആരോഗ്യ കേന്ദ്രത്തിനും പരിമിതമായി മാത്രമാണ് വാക്സിൻ നൽകുന്നത്. അതുകൊണ്ടുതന്നെ രജിസ്റ്റർ ചെയ്യുമ്പോൾ ചില കേന്ദ്രങ്ങളിൽ വാക്സിൻ ലഭ്യമായിരിക്കില്ല. അതല്ലെങ്കിൽ അകലെയുള്ള ആശുപത്രികളൊക്കെയാണ് പട്ടികയിൽ ഉണ്ടാവുക. പലവട്ടം ശ്രമിച്ചാൽ മാത്രമേ ആരോഗ്യകേന്ദ്രം ലഭ്യമാവൂ.

വാക്സിൻ രജിസ്‌ട്രേഷന് സന്നദ്ധ സംഘടനകളെയും മറ്റ് കേന്ദ്രങ്ങളെയും ആശ്രയിക്കുന്നുണ്ടെങ്കിലും പ്രയാസമാണെന്നാണ് പലരും പറയുന്നത്. ദിവസങ്ങളോളം ശ്രമിച്ച ശേഷമാണ് പലർക്കും റജിസ്ട്രേഷൻ ലഭിക്കുന്നത്. വാക്സിൻ കേന്ദ്രത്തിലെത്തിയപ്പോൾ മണിക്കൂറുകൾ കാത്തുനിന്നാണ് ടോക്കണെടുക്കുന്നത്. ആദ്യ ഡോസെടുത്ത പ്രായമായവർക്കെങ്കിലും സ്പോട്ട് രജിസ്‌ട്രേഷൻ വേണമെന്നും. അതിനായി നിശ്ചിത ടോക്കൺ മാറ്റിവെക്കണമെന്നുമാണ് മുതിർന്നവരുടെ ആവശ്യം.

നിലവിൽ ഓൺലൈനായി രജിസ്റ്റർ ചെയ്തവർക്ക് മാത്രമാണ് വാക്സിൻ നൽകുന്നതെന്ന് ജില്ലാ ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.