വാക്‌സിന്‍ വിതരണത്തിലെയും തൊഴിലുറപ്പ് ഫണ്ട് വിഭജനത്തിലെയും പക്ഷപാതിത്വം: ചെറുവണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം


ചെറുവണ്ണൂര്‍: വാക്‌സിന്‍ വിതരണത്തിലെ പക്ഷപാതിത്വം അവസാനിപ്പിക്കുക, അഗ്രോ സെന്റര്‍ അഴിമതി വിജിലന്‍സ് അന്വേഷിക്കുക, തൊഴിലുറപ്പ് ഫണ്ട് വിഭജനത്തില്‍ യു.ഡി.എഫ് വാര്‍ഡുകളുള്ള അവഗണന അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ചെറുവണ്ണൂര്‍ മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സായാഹ്നധര്‍ണ നടത്തി. ധര്‍ണ ഡി.സി.സി മെമ്പര്‍ വി. ബി. രാജേഷ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ഫൈസല്‍ പാലിശ്ശേരി അധ്യക്ഷനായിരുന്നു.

പഞ്ചായത്തിലെ ഓരോ വാര്‍ഡുകളിലും വാക്‌സിന്‍ നല്‍കേണ്ടവരുടെ മുന്‍ഗണനാ ലിസ്റ്റില്‍ സ്വന്തക്കാരെ തിരുകി കയറ്റുന്ന സമീപനമാണ് നിലവിലുള്ളതെന്ന് യൂത്ത് കോണ്‍ഗ്രസ് ചെറുവണ്ണൂര്‍ മണ്ഡലം പ്രസിഡന്റ് ഫൈസല്‍ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. പ്രദേശത്തെ ഓട്ടോ തൊഴിലാളികള്‍, വ്യാപാരികള്‍ തുടങ്ങി സ്ഥിരമായി ജോലിക്ക് പോകുകയും ആളുകളുമായി ഇടപെടുകയും ചെയ്യുന്നവര്‍ക്കാണ് വാക്‌സിന്‍ നല്‍കുമ്പോള്‍ പ്രാമുഖ്യം നല്‍കേണ്ടത്. എന്നാല്‍ ഓരോ വാര്‍ഡ് തലത്തിലുമുള്ള ലിസ്റ്റ് തയ്യാറാക്കുമ്പോള്‍ ഇവര്‍ക്ക് പ്രാമുഖ്യം ലഭിക്കുന്നില്ല. ഈ വിഭാഗത്തില്‍പ്പെട്ട പലര്‍ക്കും ഇപ്പോഴും വാക്‌സിന്‍ ലഭിച്ചിട്ടില്ലെന്ന് ഫൈസല്‍ ആരോപിക്കുന്നു.

ഗ്രാമപഞ്ചായത്തില്‍ തൊഴിലുറപ്പ് ഫണ്ട് അനുവദിച്ചതില്‍ യു.ഡി.എഫ് മെമ്പര്‍മാരോട് വിവേചനം കാണിച്ചുവെന്നാരോപിച്ച് നേരത്തെയും പ്രതിഷേധമുയര്‍ന്നിരുന്നു. തൊഴിലുറപ്പ് പദ്ധതിയ്ക്കായി യു.ഡി.എഫ് മെമ്പര്‍മാരുടെ ഏഴ് വാര്‍ഡുകളില്‍ പതിനഞ്ച് ലക്ഷവും അതില്‍ താഴെയും മാത്രം വകയിരുത്തിയപ്പോള്‍ എല്‍.ഡി.എഫ് അംഗങ്ങളുടെ എട്ട് വാര്‍ഡുകളില്‍ ഇരുതപത് ലക്ഷം മുതല്‍ മുപ്പത്തിനാല് ലക്ഷംരൂപവരെ വകയിരുത്തിയതിന് എതിരെയാണ് പ്രതിഷേധം.

പരിപാടിയില്‍ എം. കെ. സുരേന്ദ്രന്‍, ആര്‍. പി. ഷോഭിഷ്, ബാലകൃഷ്ണന്‍ എ, സമീര്‍, കിഷോര്‍ കാന്ത്, ഷിഗില്‍, മനുലാല്‍ ഇ.സി, നജീബ് കെ.പി, ദിഗേഷ്, ഷോഭിദ് തുടങ്ങിയര്‍ സംസാരിച്ചു.