വാക്‌സിന്‍ ലഭിക്കുന്നില്ല; കീഴരിയൂര്‍ പി എച്ച്‌സിക്ക് മുമ്പില്‍ കോൺഗ്രസിന്റെ പ്രതിഷേധ ധര്‍ണ്ണ


മേപ്പയൂർ: കോവിഡ് വാക്സിൻ ലഭിക്കാത്തതിൽ രാഷ്ട്രീയ കക്ഷിഭേദമന്യേ കീഴരിയൂരിൽ ജന രോഷം. ഒന്നാം ഡോസ് എടുത്തു നൂറു ദിവസം കഴിഞ്ഞിട്ടും രണ്ടാം ഡോസ് കിട്ടാത്തവരാണ് പഞ്ചായത്തിൽ ഭൂരിഭാഗം പേരും. പ്രവാസികൾക്കും ഉപരിപഠനത്തിന് വിദേശത്തേക്ക് പോകേണ്ടവരും പി എച്ച് സി യിൽ കയറി ഇറങ്ങുകയല്ലാതെ വാക്സിൻ ലഭിക്കുന്നില്ല. 18 വയസ് കഴിഞ്ഞവരുടെയും സ്ഥിതി ഇങ്ങനെ തന്നെ. വാക്സിൻ ലഭ്യതയിൽ സർക്കാർ കാട്ടുന്ന അനാസ്ഥയിൽ പ്രതിഷേധിച്ചു മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കീഴരിയൂർ പി എച്ച്സിക്ക് മുമ്പിൽ ധർണ സമരം നടത്തി.

കീഴരിയൂർ സികെജി സെൻ്ററിൽ നിന്ന് പ്രകടനമായാണ് പ്രതിഷേധ ധർണക്ക് പ്രവർത്തകർ എത്തിയത്. ഡിസിസി ജനറൽ സെക്രട്ടറി രാജേഷ് കീഴരിയൂർ ധർണ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് ഇടത്തിൽ ശിവൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ ബി.ഉണ്ണികൃഷ്ണൻ, ചുക്കോത്ത് ബാലൻ നായർ, എം.എം.രമേശൻ, ടി.കെ.ഗോപാലൻ, പഞ്ചായത്തംഗങ്ങളായ കെ.സി.രാജൻ, ഇ.എം.മനോജ്, സവിത നിരത്തിൻ്റെ മീത്തൽ മണ്ഡലം സെക്രട്ടറി നെല്ലാടി ശിവാനന്ദൻ, കെ.കെ.ദാസൻ എന്നിവർ പ്രസംഗിച്ചു.