വാക്‌സിന്‍ ലഭിക്കാന്‍ പുതിയ വ്യവസ്ഥകളുമായി കേന്ദ്രസര്‍ക്കാര്‍


തിരുവനന്തപുരം: താമസ രേഖകളില്ലാതെ കൊവിഡ് പ്രതിരോധ വാക്‌സിന്‍ ലഭിക്കില്ലെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളെ തള്ളി കേന്ദ്ര സര്‍ക്കാര്‍. താമസ രേഖകളില്ലാത്തവര്‍ക്കും വാക്‌സിന്‍ സ്വീകരിക്കാനുള്ള സജ്ജീകരണങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.

കമ്ബ്യൂട്ടര്‍ പരിജ്ഞാനം, ഇംഗ്ലീഷ് ഭാഷാജ്ഞാനം, സ്മാര്‍ട്ട്‌ഫോണ്‍, തിരിച്ചറിയല്‍ രേഖകള്‍ തുടങ്ങിയ കാര്യങ്ങള്‍ പലയാളുകളേയും വാക്‌സിന്‍ സ്വീകരിക്കുന്നതില്‍ നിന്ന് തടയുന്നുണ്ട്. ഇതൊന്നും ഇല്ലാതെ വാക്‌സിന്‍ ലഭിക്കില്ലെന്നാണ് മിക്കവരുടെയും ധാരണ. എന്നാല്‍, ഫോണ്‍ നമ്പര്‍, വിലാസം എന്നിവ വാക്‌സിന്‍ സ്വീകരിക്കാന്‍ വേണ്ട എന്നതാണ് വസ്തുത. എന്നാല്‍ തിരിച്ചറിയല്‍ രേഖ ആവശ്യമാണ്.

നിര്‍ദ്ദിഷ്ട ഒമ്പത് തിരിച്ചറിയല്‍ കാര്‍ഡുകളിലൊന്നോ മൊബൈല്‍ ഫോണ്‍ സ്വന്തമോ ഇല്ലാത്തവര്‍ക്കായി പ്രത്യേക വാക്‌സിനേഷന്‍ സെഷനുകള്‍ സംഘടിപ്പിക്കുന്നതിന് പ്രത്യേക വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഇന്റര്‍നെറ്റ്, സ്മാര്‍ട്ട്‌ഫോണ്‍ സൗകര്യം ഇല്ലാത്തവര്‍ക്ക് സര്‍ക്കാര്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ സൗജന്യ ഓണ്‍ സൈറ്റ് രജിസ്‌ട്രേഷന്‍ ഉണ്ട്. വാക്‌സിന്‍ സ്വീകരിക്കുന്നയാള്‍ അടിസ്ഥാന വിവരങ്ങള്‍ നല്‍കുന്ന പ്രകാരം, വാക്‌സിന്‍ നല്‍കുന്നയാള്‍ വാക്‌സിന് വേണ്ടിയും വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റിന് വേണ്ടിയുമുള്ള വിവരങ്ങള്‍ ഓണ്‍സൈറ്റ് രജിസ്‌ട്രേഷനില്‍ രേഖപ്പെടുത്തും.

പ്രായം കൂടിയ ആളുകള്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്കായി വീടിന് സമീപത്ത് തന്നെ വാക്‌സിന്‍ നല്‍കാനുള്ള സജ്ജീകരണങ്ങള്‍ നല്‍കുന്നുണ്ട്. ഗ്രാമീണഗ്രോത്രമേഖലകളില്‍ വാക്‌സിനേഷന്‍ ദേശീയ ശരാശരിയേക്കാള്‍ കൂടുതലാണെന്നും കേന്ദ്രം വ്യക്തമാക്കി.