വാക്‌സിന്‍ രക്ഷിക്കുമോ? മൂന്നാം തരംഗം ഉണ്ടാകുമോ? ഒമിക്രോണുമായി ബന്ധപ്പെട്ട പൊതുജനങ്ങളുടെ ആശങ്കകള്‍ക്ക് ഉത്തരവുമായി ആരോഗ്യ കുടുംബക്ഷേമ വകുപ്പ്; വിശദമായി അറിയാം


സാര്‍സ് കൊറോണ വൈറസ് 2 ന്റെ പുതിയ വകഭേദമാണ് ഒമിക്രോണ്‍ അഥവാ ബി. 1.1.529. ലോകരാജ്യങ്ങള്‍ക്കിടയില്‍ ഇത് ഏറെ ആശങ്കകള്‍ക്കും ഭീതിയ്ക്കും വഴിയൊരുക്കിയിരിക്കുകയാണ്. എന്താണ് ഒമിക്രോണെന്നും ഒമിക്രോണ്‍ എത്രത്തോളം അപകടകാരിയാണെന്നുമൊക്കെ വിശദീകരിക്കുകയാണ് ആരോഗ്യ കുടുംബക്ഷേമ വകുപ്പ്. അത് എന്തൊക്കെയാണെന്ന് നോക്കാം.

ഒമിക്രോണ്‍ വകഭേദത്തെ ഉത്കണ്ഠപ്പെടേണ്ട വൈറസ് വകഭേദമായി പ്രഖ്യാപപിക്കാനുള്ള കാരണമെന്ത്?

സാര്‍സ് കൊറോണ വൈറസിന്റെ ഈ പുതിയ വകഭേദം 2021 നവംബര്‍ 22ന് ദക്ഷിണാഫ്രിക്കയിലാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതിന് 30 തവണയില്‍ കൂടുതല്‍ പ്രോട്ടീന്‍ വ്യതിയാനം സംഭവിച്ചിട്ടുണ്ട്. കൂടുതലായുള്ള പകര്‍ച്ചാശേഷി, പ്രതിരോധശക്തിയെ തകര്‍ക്കാനുള്ള കഴിവ്, ദക്ഷിണാഫ്രിക്കയില്‍ കേസുകളുടെ എണ്ണത്തില്‍ പെട്ടെന്നുണ്ടായ വര്‍ധനവ് ഇവ പരിഗണിച്ചാണ് ഇതിനെ ഉത്കണ്ഠപ്പെടേണ്ട വകഭേദമായി പരിഗണിക്കുന്നത്. കൂടിയ കര്‍ച്ചാശേഷി പ്രതിരോധശക്തി തകര്‍ക്കാനുള്ള കഴിവ്, കോവിഡ് 19 എപിഡെമോളജിയില്‍ വന്ന വ്യത്യാസം, വീണ്ടും രോഗം വരുന്ന അവസ്ഥ എന്നിവ പരിഗണിച്ചാണ് ഒമിക്രോണിനെ അപകടകാരിയായി കണക്കാക്കുന്നത്.

കോവിഡ് പരിശോധനയ്ക്ക് ഉപയോഗിക്കുന്ന ആര്‍.ടി.പി.സി.ആര്‍ മാര്‍ഗത്തിലൂടെ വൈറസില്‍ അടങ്ങിയിട്ടുള്ള പ്രത്യേക ജീനുകളെ കണ്ടെത്തി വൈറസ് സാന്നിധ്യം സ്ഥിരീകരിക്കാനാവും. ഒമിക്രോണ്‍ വകഭേദഗത്തില്‍ വൈറസിന്റെ എസ് ജീനുകള്‍ക്ക് വലിയ തോതില്‍ വ്യതിയാനം സംഭവിച്ചിട്ടുള്ളതിനാല്‍ ഈ ജീനുകളുടെ അഭാവത്തിലൂടെയും മറ്റ് വൈറല്‍ ജീനുകളുടെ സാന്നിധ്യത്തിലൂടെയും ഒമിക്രോണ്‍ വകഭേദത്തെ തിരിച്ചറിയാന്‍ സാധിക്കും.

വാക്‌സിനുകള്‍ ഒമിക്രോണിനെതിരെ ഫലപ്രദമാണോ?

നിലവിലുള്ള വാക്‌സിനുകള്‍ ഒമിക്രോണിനെതിരെ പ്രവര്‍ത്തിക്കുന്നില്ല എന്നതിന് തെളിവുകള്‍ ഇല്ല. സ്‌പൈക് ജീനിന് വന്നിട്ടുള്ള വ്യതിയാനങ്ങള്‍ വാക്‌സിന്റെ ഫലപ്രാപ്തിയെ ബാധിച്ചേക്കാം. വാക്സിനെടുത്തവർക്ക് കൊവിഡ് രോഗം ഗുരുതരമാകുന്നില്ല എന്നതിന് ലോകമെമ്പാടും തെളിവുകളുണ്ട്. അതിനാൽ വാക്സിൻ രണ്ട് ഡോസുകളും എടുക്കാൻ ബാക്കിയുള്ളവർ ഉടൻ വാക്സിൻ സ്വീകരിക്കണം.

മൂന്നാം തരംഗം ഉണ്ടാവുമോ?

ഇന്ത്യയടക്കം നിരവധി രാജ്യങ്ങളില്‍ ഒമിക്രോണ്‍ വകഭേദം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എങ്കിലും കേസിലുള്ള വര്‍ധനവ് രോഗതീവ്രത എന്നിവ ഇതുവരെ വ്യക്തമായിട്ടില്ല. വാക്‌സിനേഷന്‍, ഡെല്‍റ്റ വേരിയന്റ് ബാധ, സീറോ പോസിറ്റിവിറ്റി ഉയര്‍ന്ന നിരക്ക് എന്നിവ പരിഗണിക്കുമ്പോള്‍ രോഗ തീവ്രത കുറഞ്ഞിരിക്കാനാണ് സാധ്യത. എങ്കിലും ഇതുസംബന്ധിച്ച ശാസ്ത്രീയ തെളിവുകള്‍ ഇനിയും ലഭിക്കാനുണ്ട്.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.