വാക്‌സിനെടുക്കാന്‍ മുന്‍കൂട്ടിയുള്ള രജിസ്‌ട്രേഷന്‍ നിര്‍ബന്ധമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍


ന്യൂഡല്‍ഹി: വാക്‌സിനെടുക്കാന്‍ മുന്‍കൂട്ടിയുള്ള രജിസ്‌ട്രേഷന്‍ നിര്‍ബന്ധമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. 18 വയസിന് മുകളിലുള്ള ആര്‍ക്കും നേരിട്ട് കോവിഡ് വാക്‌സിനേഷന്‍ സെന്ററിലെത്തി അവിടെ വച്ച് രജിസ്റ്റര്‍ ചെയ്ത് കോവിഡ് വാക്‌സിനെടുക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ‘വാക്ക് ഇന്‍’ രജിസ്‌ട്രേഷന്‍ എന്ന പേരിലാണ് ഇത് നടപ്പാക്കുക.

കൂടുതല്‍ വാക്‌സിന്‍ കേന്ദ്രങ്ങള്‍ ഗ്രാമമേഖലകളിലും മറ്റും ആരംഭിക്കുമ്പോള്‍ അവിടങ്ങളിലെ ജനങ്ങള്‍ക്ക് നേരിട്ട് അവിടെയെത്തി വാക്‌സിനെടുക്കാം. ഗ്രാമീണ മേഖലകളില്‍ കോവിഡ് വാക്‌സിന്‍ രജിസ്‌ട്രേഷന് ബുദ്ധിമുട്ട് നേരിടുന്നതായി പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വ്യക്തത വരുത്തിയത്.

കൂടാതെ 1075 എന്ന ഹെല്‍പ്പ് ലൈന്‍ നമ്പറില്‍ വിളിച്ചും കോവിഡ് വാക്‌സിന് രജിസ്റ്റര്‍ ചെയ്യാം. ഗ്രാമപ്രദേശങ്ങളിലെ കോവിഡ് വാക്‌സിന്‍ രജിസ്‌ട്രേഷന്‍ കൂടുതല്‍ ഊര്‍ജിതമാക്കാനാണ് സര്‍ക്കാര്‍ ഇത്തരത്തിലൊരു തീരുമാനത്തിലെത്തിയത്. അതേസമയം രാജ്യത്ത് കോവിഡ് വാക്‌സിന്റെ ലഭ്യതയില്‍ നിരവധി സംസ്ഥാനങ്ങളില്‍ പ്രതിസന്ധി നേരിടുന്നതിനാല്‍ ഇത്തരത്തിലൊരു തീരുമാനത്തിന്റെ പ്രായോഗികത പല സംസ്ഥാനങ്ങളിലും പ്രശ്‌നത്തിലാണ്.