വസ്ത്രത്തിന് മുകളിലൂടെ സ്പർശിക്കുന്നത് ലൈംഗിക പീഡനമല്ലെന്ന വിവാദ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി


ന്യൂഡൽഹി: വസ്ത്രത്തിന് പുറത്തുകൂടി തൊട്ടാൽ ലൈംഗിക അതിക്രമമല്ലെന്ന മുംബൈ ഹൈക്കോടതിയുടെ വിവാദ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ചാണ് വിവാദ ഉത്തരവ് റദ്ദാക്കിയത്.

ലൈംഗികാതിക്രമങ്ങളിൽ നിന്ന് കുട്ടികൾക്ക് സംരക്ഷണം നൽകുന്ന പോക്‌സോ നിയമത്തിലെ ഏഴാം വകുപ്പ് നിലനിർത്തി കൊണ്ടാണ് മുംബൈ ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി റദ്ദാക്കിയത്. കുട്ടികളുടെ വസ്ത്രത്തിന് മുകളിലൂടെ സ്പർശിക്കുന്നത് കുറ്റകരമല്ലെന്നായിരുന്നു ഹൈക്കോടതിയുടെ വിവാദ വിധി.

ജസ്റ്റിസ് യു യു ലളിത്, ജസ്റ്റിസ് എസ് രവീന്ദ്ര ഭട്ട്, ജസ്റ്റിസ് ബേല എം ത്രിവേദി എന്നിവരടങ്ങിയ ബെഞ്ചാണ് ഹൈക്കോടതി ഉത്തരവ് റദ്ദാക്കിയത്. ലൈംഗിക ഉദ്ദേശത്തോടെ വസ്ത്രത്തിന് മുകളിലൂടെ സ്പർശിച്ചാലും പോക്സോ നിയമത്തിന് കീഴിൽ വരുമെന്ന് വിധി വായിച്ച ജസ്റ്റിസ് ബേല എം ത്രിവേദി വ്യക്തമാക്കി.

മുംബൈ ഹൈക്കോടതി വിധിക്കെതിരെ അറ്റോർണി ജനറലും ദേശീയ വനിതാ കമ്മീഷനും മഹാരാഷ്ട്ര സംസ്ഥാന സർക്കാരും സമർപ്പിച്ച ഹർജിയിലാണ് സുപ്രീംകോടതി ഉത്തരവ്. ഈ വർഷം ആദ്യമാണ് മുംബൈ ഹൈക്കോടതിയുടെ നാഗ്പൂർ ബഞ്ച് ജഡ്ജി ജസ്റ്റിസ് പുഷ്പ ഗനേദിവാല വിവാദ ഉത്തരവ് പുറപ്പെടുവിച്ചത്.

39 കാരൻ 12 വയസുള്ള കുട്ടിയുടെ സൽവാർ നീക്കം ചെയ്തത് ആണ് കേസിന് ആധാരം. കഴിഞ്ഞ വർഷം 43,000 അതിക്രമങ്ങൾ കുട്ടികൾക്ക് നേരെയുണ്ടായെന്ന് കേന്ദ്രസർക്കാരിന് വേണ്ടി ഹാജരായ അറ്റോർണി ജനറൽ കെ കെ വേണുഗോപാൽ അറിയിച്ചു. മുൻപ് ചിഫ് ജസ്റ്റിസ് എസ് എ ബോബ്ഡെയുടെ ബഞ്ച് നിയോഗിച്ച അമിക്കസ് ക്യുറി സിദ്ധാർത്ഥ ദവെയുടെ റിപ്പോർട്ടും ഉത്തരവിൽ നിർണായകമായി. ‘