വസന്തം സ്വപ്നം കാണുന്ന കവിതകൾ


ഡോ. പി.സുരേഷ്

ഹേമന്തത്തിൽ വസന്തം സ്വപ്നം കാണുകയും വസന്തത്തിൽ ഹേമന്തത്തെ ഓർമ്മിപ്പിക്കുകയും ചെയ്യുന്നതാണ് കവിത എന്ന് 1975 ലാണ് സച്ചിദാനന്ദൻ എഴുതിയത്. മനുഷ്യർക്ക് മൃദുലമായി സംസാരിക്കാൻ കഴിയുന്ന ഒരു കാലത്തിനു വേണ്ടിയാണ് താൻ പാടുന്നതെന്നും അദ്ദേഹം എഴുതുകയുണ്ടായി. പിന്നീട് കാലപരിണാമത്തിന്റെ നിമ്നോന്നതങ്ങളിലൂടെ അദ്ദേഹത്തിന്റെ കവിത അനുസ്യൂതം സഞ്ചരിച്ചു.

പ്രണയവും വിഷാദവും പ്രത്യാശയും രോഷവും പ്രതിരോധവും ഇഴചേർത്തു തുന്നിയെടുത്ത ആ കവിതകൾ, കവിത വലുതാണ്; അതിൽ മനുഷ്യരാശിക്കു മുഴുവൻ ഇടമുള്ളതുകൊണ്ട് എന്ന് ഉറച്ചു വിശ്വസിച്ചിരുന്നു. നിരന്തര പരിണാമിയായിരുന്നു കൊണ്ടു തന്നെ അനുദിനം പുതുക്കലുകൾക്കും ശ്രമിച്ചു കൊണ്ടിരുന്നു ആ കവിതകൾ.
ഏതെങ്കിലും ഒരു ഘട്ടത്തോടെ നിലച്ചു പോവുകയോ പഴഞ്ചനായിപ്പോവുകയോ ചെയ്യാതെ തുറന്ന മിഴികളുമായി പുറത്തേക്കും അടഞ്ഞ മിഴികളുമായി അകത്തേക്കും ആ കവിതകൾ നോട്ടമയച്ചു കൊണ്ടിരുന്നു. പ്രസ്ഥാനങ്ങളുടെ അതിരുകൾ ഭേദിച്ചു കൊണ്ട് നവീനമായ ഏതു ഭാവുകത്വത്തോടും സംവദിക്കുകയും നവഭാവുകത്വങ്ങളെ സ്വാംശീകരിക്കുക മാത്രമല്ല, അവയെ പ്രസരിപ്പിക്കുകയും കൂടി ചെയ്തു സച്ചിയുടെ കവിതകൾ. ഒരു കുറ്റിയിലും തളച്ചിടാൻ കഴിയാത്ത അനുസരണകെട്ട ആ കവിത പുതുകാലത്തിലേക്കും നീളുന്ന നോട്ടവുമായി, വിസ്മയിപ്പിക്കുന്ന കാവ്യ ബലവുമായി നിരന്തരം സഞ്ചരിച്ചു കൊണ്ടേയിരുന്നു. ഏതു തിരയിൽ മുങ്ങിയാലും മുത്തു കിട്ടുന്ന സമുദ്രമായി ആ കവിതകൾ മാറി.

സച്ചിദാനന്ദന്റെ ഏറ്റവും പുതിയ കവിതാ സമാഹാരമാണ് ” ഒരു ചെറിയ വസന്തം”.
“ഞാൻ മണ്ണിനടിയിലാണ്
ഓർമ്മ വരുമ്പോൾ ഞാൻ മുളയ്ക്കുന്നു സ്വപ്നം കാണുമ്പോൾ പൂക്കുന്നു കായ്ച്ചു കൊഴിഞ്ഞു വീണ്
വീണ്ടും മുളയ്ക്കുന്നു,
മറ്റൊരു ചെടിയായി,
മറ്റൊരു ഭാഷയിൽ,
എനിക്കുതന്നെ തിരിച്ചറിയാനാകാതെ ” ഇങ്ങനെ, കവിതയുടെ നൈരന്തര്യവും വൈവിധ്യവും മലയാള കവിതയെ സമ്പന്നമാക്കുന്നു.
ഈ സമാഹാരത്തിലെ കവിതകൾ ഉദ്വേഗത്തിന്റെയും സങ്കടങ്ങളുടെയും കണ്ണുകൾ കൊണ്ട് ലോകത്തെ നോക്കുന്നവയാണ്. ഈ ശില്പി,
” പേനയുടെ മൂർച്ചകൊണ്ട്
പണിതു കൊണ്ടിരിക്കുന്നു ,
ഒരിക്കലും പണി തീരാത്ത
വാക്കുകളുടെ ഒരു ശില്പം” . മുങ്ങാത്ത കപ്പലിനുള്ള മരം തേടി നടന്ന ഒരു മരംകൊത്തിയെപ്പറ്റിയുള്ള കവിതയും ഈയവസരത്തിൽ ഓർക്കാം.

ജീവിതവും മരണവും ഈ പുസ്തകത്തിലെ കവിതകളിൽ ആവർത്തിച്ചു കടന്നുവരുന്നുണ്ട്.
“എന്റെ ഹൃദയം വസന്തത്തെ
സ്വപ്നം കാണുന്നത് നിർത്തിയിരിക്കുന്നു ” എന്ന് എഴുതേണ്ടിവരുന്ന മട്ടിൽ ഹതാശമായ ഒരു കാലത്തിന്റെ ക്രൂരവും ഭീതിദവുമായ അന്തരീക്ഷത്തിലാണ് താൻ ജീവിക്കുന്നത് എന്ന് കവിക്കറിയാം. നീതിയെക്കുറിച്ചുള്ള സന്ദിഗ്ദ്ധതകൾ മുറിവേല്പിച്ച ഹൃദയവുമായാണ് ഈ കവി അയോധ്യയെക്കുറിച്ചും തെരുവിൽ അനാഥരാക്കപ്പെട്ട കോവിഡ് കാല മനുഷ്യരെക്കുറിച്ചും എഴുതുന്നത്.
“വേനലിനേക്കാൾ പൊള്ളിക്കുന്നതും ആനന്ദം കൊണ്ടു നീറുന്നതുമായ “ഒരു ചെറിയ വസന്തം” വൈരുധ്യമാർന്ന ജീവിതാവസ്ഥകളെ തീക്ഷ്ണ ബിംബങ്ങളാൽ കൊത്തിവെച്ചിരിക്കുന്നു.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക