‘വഴിവിളക്കു’മായി നാട്ടുകാര്‍: ഇനി കായണ്ണദേശത്ത് രാത്രികള്‍ പ്രഭാപൂരിതമാവും


കായണ്ണബസാര്‍: കായണ്ണ ഗ്രാമപ്പഞ്ചായത്തിലെ നാലാംവാര്‍ഡിലെ എല്ലാ വീടുകളും മാതൃകാപരമായ ഒരു പ്രവര്‍ത്തനത്തിന് നേതൃത്വം കൊടുത്ത് ശ്രദ്ധേയരാവുകയാണ്. തങ്ങളുടെ വീടിനു മുന്നിലൂടെ കടന്നു പോവുന്ന റോഡുകളിലും പൊതുവഴികളിലും സ്വന്തംചെലവില്‍ വഴിവിളക്ക് സ്ഥാപിച്ച് നാട്ടുവഴികളെ ഇരുട്ടില്‍നിന്ന് പ്രകാശത്തിലേക്ക് നയിക്കുകയാണ് ഓരോ കുടുംബവും.

ഇതിന് ആവശ്യമായ വയറും ബള്‍ബും എല്ലാം വീട്ടുകാര്‍തന്നെ വാങ്ങുന്നു എന്നതും ശ്രദ്ധേയമാണ്. പതിമൂന്ന് വാര്‍ഡുകള്‍ 335 ക്ലസ്റ്ററുകളായിത്തിരിച്ച് ഓരോ ക്ലസ്റ്ററിലും 25, 35 വീതം വീടുകള്‍ ഉള്‍പ്പെടുത്തിയാണ് പ്രവര്‍ത്തനം നടത്തുന്നത്. ഓരോ ക്ലസ്റ്ററിനും ഓരോ കണ്‍വീനര്‍മാരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. ക്ലസ്റ്ററുകളില്‍ വാട്‌സാപ്പ് ഗ്രൂപ്പുകളുണ്ടാക്കി വാര്‍ഡിലെ മറ്റ് വികസനപ്രവര്‍ത്തനങ്ങളും അറിയിപ്പുകളും എല്ലാം കുടുംബങ്ങളിലേക്ക് എത്തിക്കുന്നതും ക്ലസ്റ്റര്‍ കണ്‍വീനര്‍മാരാണ്. ക്ലസ്റ്റര്‍ കണ്‍വീനര്‍മാര്‍ നിരന്തരം അവരവര്‍ക്ക് ചുമതലയുള്ള വീടുകളില്‍ സന്ദര്‍ശിക്കുന്നതും വാര്‍ഡിന്റെ പ്രത്യേകത ആണ്.

ഇതിന്റെ പഞ്ചായത്തുതല ഉദ്ഘാടനം നാലാംവാര്‍ഡില്‍ ഹെല്‍ത്ത് സെന്റര്‍ ക്ലസ്റ്ററും കുറ്റിവയല്‍ ക്ലസ്റ്ററും സംയുക്തമായി നടത്തി. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ശശി സ്വിച്ച് ഓണ്‍ കര്‍മം നിര്‍വഹിച്ചു. പരിപാടി മുഴുവന്‍ വാര്‍ഡുകളിലും നടപ്പാക്കുകയും തെരുവോരവിളക്കുകള്‍ പ്രകാശിപ്പിക്കുകയും ചെയ്യുന്നതോടെ കായണ്ണദേശത്ത് രാത്രികള്‍ പ്രഭാപൂരിതമാവും.