വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കാന്‍ ശ്രമം; മിഠായിത്തെരുവില്‍ കച്ചവടക്കാരും പോലീസും തമ്മില്‍ സംഘര്‍ഷം
കോഴിക്കോട്: മിഠായി തെരുവിൽ വഴിയോര കച്ചവടക്കാരും പോലീസും തമ്മിൽ വാക്കുതർക്കവും സംഘർഷവും. കടകൾ തുറന്നെങ്കിലും വഴിയോര കച്ചവടം അനുവദിക്കില്ലെന്ന നിലപാട് പോലീസ് സ്വീകരിച്ചതോടെയാണ് കച്ചവടക്കാരും പോലീസും തമ്മിൽ തർക്കവും സംഘർഷവും ഉണ്ടായത്.
മിഠായി തെരുവിൽ പ്രവർത്തിക്കാൻ ലൈസൻസുള്ള നൂറിലേറെ വഴിയോര കച്ചവടക്കാരുണ്ട്. ഇവരെ കച്ചവടം നടത്താൻ അനുവദിക്കണമെന്നായിരുന്നു വ്യാപാരികളുടെ ആവശ്യം. എന്നാൽ, വഴിയോര കച്ചവടം തുടങ്ങിയാൽ ആളുകൾ കൂടാൻ സാധ്യതയുണ്ടെന്നും അനുവദിക്കാനാവില്ലെന്നും കച്ചവടം നടത്തിയാൽ പിടിച്ചെടുക്കുമെന്നും പോലീസ് അറിയിച്ചു. ഇതോടെ കച്ചവടക്കാർ സംഘടിച്ചെത്തുകയായിരുന്നു.
നഗരത്തിലെ പല ഭാഗങ്ങളിലും വഴിയോര കച്ചവടം നടന്ന് വരുന്നുണ്ട്. അവിടെയൊന്നും കച്ചവടം നടത്താൻ തടസ്സമില്ല. എന്നാൽ, മിഠായി തെരുവിൽ വഴിയോര കച്ചവടം നടത്തിയാൽ ആളുകൾ കൂടുമെന്ന് പോലീസ് ചൂണ്ടിക്കാട്ടി. എന്നാൽ ഇത് അംഗീകരിക്കുവാൻ കച്ചവടക്കാർ തയ്യാറായില്ല. മിഠായി തെരുവിലേക്ക് സ്വഭാവികമായി വരുന്ന ആളുകൾ വഴിയോര കച്ചവടക്കാരിൽനിന്നും സാധനങ്ങൾ വാങ്ങുക മാത്രമാണ് ചെയ്യുന്നതെന്നും വ്യാപാരികൾ ചൂണ്ടിക്കാട്ടി.