വളയത്ത് പേയിളകിയ പശുവിനെ വെടിവച്ച് കൊന്നു


നാദാപുരം: വളയം നീലാണ്ടുമ്മല്‍ പേയിളകിയ പശുവിനെ വെടിവച്ച് കൊന്നു. അരിയാക്കണ്ടി സുഖേഷിന്റെ പശുവിനെയാണ് കൊന്നത്.

ബുധനാഴ്ച രാവിലെ പശുവിന് അസ്വസ്ഥത കണ്ടതിനെ തുടര്‍ന്ന് വെറ്ററിനറി ഡോക്ടറെ വീട്ടിലെത്തിച്ച് പരിശോധന നടത്തിയിരുന്നു. ഡോക്ടറാണ് പശുവിന് പേയിളകിയതാണെന്ന് സ്ഥിരീകരിച്ചത്.

വൈകിട്ടോടെ പശു അക്രമാസക്തമായതിനെ തുടര്‍ന്ന് രാത്രി ഒമ്പതോടെ വെടിവയ്ക്കുകയായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് കെ പി പ്രദീഷ്, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എം സുമതി, വളയം പൊലീസ് എന്നിവര്‍ സ്ഥലത്തെത്തിയിരുന്നു.

വളയത്ത് കഴിഞ്ഞ ദിവസങ്ങളില്‍ വളര്‍ത്തു മൃഗങ്ങള്‍ക്ക് ഭ്രാന്തന്‍ കുറുക്കന്റെയും പേപ്പട്ടിയുടെയും കടിയേറ്റിരുന്നു. കുറുക്കന്റെ ആക്രമണത്തിനിരയായ നിരവുമ്മലിലെ പുന്നയുള്ള പറമ്പത്ത് സുനിലിന്റെ നാല് മാസം ഗര്‍ഭിണിയായ പശുവും കുഞ്ഞിത്തൈയുള്ള പറമ്പത്ത് ചന്ദ്രന്റെ കറവപ്പശുവും കഴിഞ്ഞ ദിവസങ്ങളില്‍ ചത്തിരുന്നു.

പശു, ആട് തുടങ്ങിയ നാല്‍ക്കാലികള്‍ കാലുകളിലോ സസ്തനികളോ കടിച്ചാലോ മുറിവില്‍ നക്കിയാലോ പേവിഷബാധ പ്രതിരോധ കുത്തിവെപ്പ് എടുക്കേണ്ടതാണ്. പേയിളകി ചത്ത വളര്‍ത്തുമൃഗങ്ങളുടെ പാല്‍ കുടിച്ചുപോയാല്‍ പരിഭ്രാന്തരാകേണ്ട കാര്യമില്ല. പാല്‍ തിളച്ചാല്‍ ആ ചൂടില്‍ വൈറസ് പൂര്‍ണമായും നശിച്ചുപോകും.