വരുന്നു ഇന്റര്‍നെറ്റ് വിപ്ലവം; കോഴിക്കോട് ജില്ലയിൽ കെ ഫോൺ അതിവേഗം


കോഴിക്കോട്‌: കുറഞ്ഞ ചെലവിൽ അതിവേഗ ഇന്റർനെറ്റ്‌ സൗകര്യം വിരൽതുമ്പിൽ എത്തിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ കെ ഫോൺ (കേരള ഫൈബർ ഒപ്‌റ്റിക്കൽ നെറ്റ്‌വർക്ക്‌) നിർമാണം ജില്ലയിൽ ദ്രുതഗതിയിൽ മുന്നോട്ട്‌. കേബിൾ ശൃംഖല വലിച്ച്‌ പൂർത്തീകരിച്ച ചേവായൂരിലെ കോർ പോപ്പും(ഇന്റർനെറ്റ്‌ കണക്‌ഷൻ നൽകുന്ന പ്രധാന കേന്ദ്രം) അഞ്ച്‌ അഗ്രിഗേഷൻപോപ്പും(ഇന്റർനെറ്റ്‌ കണക്‌ഷൻ നൽകുന്ന ഉപകേന്ദ്രം) കേരള സ്‌റ്റേറ്റ്‌ ഇൻഫർമേഷൻ ടെക്‌നോളജി ഇൻഫ്രാ സ്ട്രക്‌ചർ ലിമിറ്റഡിന്‌ (കെഎസ്‌ഐടിഐഎൽ) കൈമാറ്റം ചെയ്യാനുള്ള നടപടി പുരോഗമിക്കുകയാണിപ്പോൾ.

നിർമാണ ചുമതലയുള്ള ഭെൽ–-എസ്‌ആർഐടി കൺസോർഷ്യം വഴിയാണിത്‌. കിനാലൂർ, മേപ്പയ്യൂർ, ചക്കിട്ടപാറ, കൊടുവള്ളി, കൊയിലാണ്ടി എന്നിവിടങ്ങളിലാണ്‌ അഗ്രിഗേഷൻ പോപ്പുള്ളത്‌. ഏകദേശം 500 കിലോമീറ്റർ ദൂരത്തിൽ കേബിൾ വലിച്ചു. ഇവിടങ്ങളിൽ വൈദ്യുതീകരിക്കാനുള്ള സർവേ റിപ്പോർട്ട്‌ കെഎസ്‌ഐടിഐഎലി-ന്‌ നൽകിയിട്ടുണ്ട്‌. റിപ്പോർട്ട്‌ അംഗീകരിച്ചാൽ കെഎസ്‌ഇബി സ്‌ബ്സ്‌റ്റേഷനിലെ എൽടി പാനലിൽനിന്ന്‌ വൈദ്യുതി ലഭിക്കും. ഒപ്പം കെഎസ്‌ഇബി ജില്ലയിൽ താൽക്കാലികമായി നാല്‌ ഫൈബറുകൾ നൽകാനും ധാരണയായി. ഇവയെല്ലാം പൂർത്തിയായി ക്കഴിഞ്ഞാലുടൻ ഇന്റർനെറ്റ്‌ സൗകര്യം നൽകാനാകും.
ഒപ്‌ടിക്കൽ ഗ്രൗണ്ട്‌ വയർ(ഒപിജിഡബ്ല്യു)കേബിൾ വലിക്കലും പുരോഗമിക്കുന്നു.

കക്കയം, കുറ്റ്യാടി, ചക്കിട്ടപാറ, കൊയിലാണ്ടി എന്നീ ഭാഗങ്ങളിലാണ്‌ ഇതുള്ളത്‌.
14 പ്രീ അഗ്രിഷേൻ പോപ്പ്‌(ഇന്റർനെറ്റ്‌ കണക്‌ഷൻ നൽകുന്ന ഉപകേന്ദ്രം) സ്ഥാപിക്കുന്ന സ്ഥലങ്ങളിൽ പ്രീ സർവേ കഴിഞ്ഞു. പുതിയറ, ഗാന്ധിറോഡ്‌, മാങ്കാവ്‌, അഗസ്‌ത്യൻമൂഴി, ഓർക്കാട്ടേരി, താമരശേരി, വടകര, കുറ്റ്യാടി, നാദാപുരം, എന്നിവിടങ്ങളിൽ കേബിൾ വലിക്കാനുള്ള സർവേ നടക്കുകയാണിപ്പോൾ. സ്‌പർ പോപ്പ്‌ (ഇന്റർനെറ്റ്‌ കണക്‌ഷൻ നൽകുന്ന ഉപകേന്ദ്രം) സ്ഥാപിക്കുന്ന തിരുവള്ളൂർ, മേലടി, നല്ലളം, വെള്ളനൂർ, രാമനാട്ടുകര, ഉറുമി എന്നിവിടങ്ങളിൽ അടുത്ത ഘട്ടത്തിലാണ്‌ സർവേ.