വയലട മേഖലയില്‍ ഭൂമിയില്‍ വിള്ളലുകള്‍ കണ്ടെത്തി; ക്വാറി പ്രവര്‍ത്തനം തുടങ്ങിയ ശേഷം പ്രദേശത്തുണ്ടായ മാറ്റം വിദഗ്ദ സംഘം പഠിക്കണമെന്ന് നാട്ടുകാർ
ബാലുശ്ശേരി: വയലട കണിയാങ്കണ്ടി ഭാഗത്ത് ഭൂമിയില്‍ വിള്ളലുകള്‍ കണ്ടെത്തി. ഭൂമിയില്‍ വിള്ളലുകള്‍ കണ്ടെത്തിയതോടെ നാട്ടുകാര്‍ ഭീതിയിലാണ്. ഇതോടെ പ്രദേശത്ത് പരിസ്ഥിതി ആഘാതത്തെക്കുറിച്ചു പഠനം നടത്തണമെന്ന ആവശ്യം ശക്തമായി. മണ്ണിടിച്ചില്‍, ഉരുള്‍ പൊട്ടല്‍ ഭീഷണി ഉള്ളതിനാലാണു വയലട, തോരാട് മേഖലകളില്‍ പരിസ്ഥിതി ആഘാത പഠനം നടത്തണമെന്നു നാട്ടുകാരില്‍ ഒരു വിഭാഗം ആവശ്യപ്പെടുന്നത്.
വയലടയില്‍ നിയമപരമായ അനുമതികളോടെ രണ്ടു ക്വാറികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ക്വാറികള്‍ പ്രവര്‍ത്തനം തുടങ്ങിയ ശേഷം വയലടയിലും പരിസരങ്ങളിലും ഉണ്ടായ മാറ്റങ്ങളെക്കുറിച്ചു വിദഗ്ധ പഠനം നടത്തണണെന്നാണ് ഇവരുടെ ആവശ്യം. ബന്ധപ്പെട്ട വകുപ്പുകള്‍ നേരത്തെ നല്‍കിയ ഖനാനുമതികള്‍ പുനഃപരിശോധിക്കണമെന്ന ആവശ്യവും ശക്തമാണ്.
വയലട കോട്ടക്കുന്ന് മേഖലയെ പരിസ്ഥിതി സൗഹൃദ വിനോദസഞ്ചാര കേന്ദ്രമായി പ്രഖ്യാപിച്ചു പദ്ധതികള്‍ നടപ്പിലാക്കി വരുന്നുണ്ട്. ശക്തമായ മഴയില്‍ കഴിഞ്ഞയാഴ്ച തോരാട് വളവില്‍ ഉരുള്‍പൊട്ടിയിരുന്നു. ആര്‍ക്കും പരിക്കേറ്റിരുന്നില്ല. കഴിഞ്ഞ കാലവര്‍ഷത്തിലും ഈ മേഖലയില്‍ പതിവില്ലാത്ത വിധം മലവെള്ളപ്പാച്ചില്‍ ഉണ്ടായിരുന്നു. വനമേഖലയിലെ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലുമാണു മലവെള്ളപ്പാച്ചിലിനു കാരണമെന്നു നാട്ടുകാര്‍ പറയുന്നത്.
ഭുമിയില്‍ വിള്ളല്‍ കണ്ടെത്തിയ ഭാഗത്തെ താമസക്കാര്‍ റവന്യു അധികൃതരെ വിവരം അറിയിച്ചിട്ടുണ്ട്. 2007ല്‍ തോരാട്, ഒരങ്കോകുന്ന് ഭാഗങ്ങളില്‍ ഭൂമിയില്‍ വിള്ളല്‍ കണ്ടെത്തിയിരുന്നു. ജ്യോഗ്രഫിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയിലെ വിദഗ്ധ സംഘം അന്ന് ഇവിടെ പരിശോധന നടത്തിയി ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശമാണെന്ന് അന്നു കണ്ടെത്തിയിരുന്നു. വിള്ളല്‍ കണ്ടെത്തിയ സ്ഥലം വാര്‍ഡ് മെംബര്‍ റംല ഹമീദിന്റെ നേതൃത്വത്തില്‍ സന്ദര്‍ശിച്ചു.