വയറെരിയുന്നവന് തണലായി ഡിവൈഎഫ്‌ഐ; കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ 3013 സ്‌നേഹപ്പൊതികള്‍ വിതരണം ചെയ്ത് നൊച്ചാട് ഈസ്‌റ് മേഖലാ കമ്മിറ്റി


പേരാമ്പ്ര: കോഴിക്കോട് മെഡിക്കല്‍ കോളേജിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഉച്ചഭക്ഷണം വിതരണം ചെയ്യുന്ന ഡി.വൈ.എഫ്.ഐ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ‘ഹൃദയപൂര്‍വ്വം’ പരിപാടിയില്‍ നൊച്ചാട് ഈസ്‌റ് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പൊതിച്ചോര്‍ വിതരണം ചെയ്തു. ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം പി കെ അജീഷ് മാസ്റ്റര്‍ ഫ്ലാഗോഫ് ചെയ്തു. മേഖലയിലെ 13 യൂണിറ്റുകളില്‍ നിന്നായി 3013പൊതിച്ചോറുകളാണ് ഇന്ന് വിതരണം ചെയ്തത്.

കോഴിക്കോട് മെഡിക്കല്‍ കോളേജ് വാര്‍ഡില്‍ കഴിയുന്ന രോഗികള്‍ക്കും കൂട്ടിരുപ്പുകാര്‍ക്കും ഉച്ചഭക്ഷണം ഉറപ്പാക്കുന്ന പദ്ധതിയാണ് ‘ഹൃദയപൂര്‍വ്വം’. ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. വിവിധ മേഖലാ കമ്മിറ്റികളുടെ കീഴില്‍ ദിവസവും അഞ്ഞൂറോളം വീടുകളില്‍ നിന്ന് പൊതിച്ചോറുകള്‍ ശേഖരിച്ച് വിതരണം ചെയ്യും.

ഡി.വൈ.എഫ്.ഐ മേഖല സെക്രട്ടറി കെ.കെ നിധീഷ്, പ്രസിഡണ്ട് ഷിജി കൊട്ടാരയ്ക്കല്‍, മേഖല ട്രഷറര്‍ ബജീഷ് എം.എം, മേഖല സഹ ഭാരവാഹികള്‍ എന്നിവര്‍ നേതൃത്വം നല്‍കി.