വയനാട് പെരിഞ്ചേര്‍മല ആദിവാസി കോളനിയില്‍ മാവോയിസ്റ്റ് സാനിധ്യം; സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള സംഘം ലഘുലേഖകള്‍ വിതരണം ചെയ്തു, പോസ്റ്റര്‍ പതിച്ചു


കല്‍പ്പറ്റ: വയനാട് തൊണ്ടർനാട് പോലീസ് സ്റ്റേഷൻ പരിധിയിലെ പെരിഞ്ചേർമല ആദിവാസി കോളനിയിൽ നാലംഗ സായുധ മാവോയിസ്റ്റ് സംഘമെത്തിയതായി കോളനി വാസികൾ. രണ്ട് സ്ത്രീകളും, രണ്ട് പുരുഷൻമാരുമടങ്ങുന്ന സംഘമാണ് രാത്രി 8 മണിയോടെ എത്തിയതെന്ന് കോളനിവാസികൾ പറയുന്നു.

കോളനിയിലെ 2 വീടുകളിൽ കയറിയ മാവോയിസ്റ്റുകൾ മുദ്രാവാക്യം വിളിക്കുകയും ലഘുലേഖകൾ നൽകുകയും ചെയ്തു. പരിസരത്തെ ഇലക്ട്രിക് പോസ്റ്റുകളിലും മറ്റും പോസ്റ്ററുകൾ പതിക്കുകയും ചെയ്ത ശേഷം സംഘം കാട്ടിലേക്ക് മടങ്ങി.

ജൂലൈ 28 ഓഗസ്റ്റ് 3 രക്തസാക്ഷി വാരാചരണത്തിന്റേയും, സർക്കാരിനെതിരെ രൂക്ഷ ഭാഷയിലുള്ള പ്രതികരണത്തിന്റേയും പോസ്റ്ററുകളാണ് പതിച്ചിരിക്കുന്നത്. സിപിഐ മാവോയിസ്റ്റ് ബാണാസുര ഏരിയ കമ്മിറ്റിയുടെ പേരിലാണ് പോസ്റ്ററുകൾ. പൊലീസ് – തണ്ടർബോൾട്ട് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.