വയനാട് ചുരത്തിൽ വാഹനാപകടം: ഗതാഗതം സ്തംഭിച്ചു


അടിവാരം: വയനാട് ചുരത്തില്‍ ചിപ്പിലിത്തോടിനും ഒന്നാം വളവിനുമിടയിലെ ചിന്നന്‍പാലത്തിനു സമീപം ലോറിയും ജീപ്പും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് ഒരു മണിക്കൂര്‍ നേരം ഗതാഗതം പൂര്‍ണ്ണമായി സ്തംഭിച്ചു. വ്യാഴാഴ്ച്ച വൈകുന്നേരമാണ് അപകടം നടന്നത്. വയനാട് ഭാഗത്തേയ്ക്ക് പോകുകയായിരുന്ന ലോറിയും ചുരമിറങ്ങി വരുകയായിരുന്ന ജീപ്പും തമ്മില്‍ കൂട്ടിയിച്ച് ജീപ്പ് റോഡരികിലേയ്ക്ക് തെന്നിമാറി. ഇതേ സമയം തന്നെ കോഴിക്കോട്ടേക്ക് വരുകയായിരുന്ന കെഎസ്ആര്‍ടിസി ബസ് ഇരു വാഹനങ്ങള്‍ക്കും നടുവിലേയ്ക്ക് പാഞ്ഞുകയറി ലോറിയിലും ജീപ്പിലും ഇടിച്ചു നില്‍ക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ഇതോടെ ചുരം ദേശീയപാത പൂര്‍ണ്ണമായി സ്തംഭിച്ചു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. അപകടത്തെ തുടർന്ന് ട്രാഫിക് എസ്‌ഐ കെ.വിജയന്റെ നേതൃത്വത്തില്‍ പോലീസും ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരും ചേര്‍ന്നാണ് ഗതാഗതം നിയന്ത്രിച്ചത്.
അടിവാരത്തുനിന്നും ക്രെയിനെത്തിച്ച് വാഹനങ്ങള്‍ നീക്കിയാണ് ഗതാഗതം പൂര്‍വ്വ സ്ഥിതിയിലാക്കിയത്.