വയനാട് കല്‍പ്പറ്റയില്‍ വീട്ടില്‍ സൂക്ഷിച്ച 102 കിലോ കഞ്ചാവുമായി വീട്ടുടമ അറസ്റ്റില്‍
കല്‍പ്പറ്റ: ചില്ലറവില്‍പ്പനക്കായി സൂക്ഷിച്ച 102 കിലോ കഞ്ചാവുമായി വീട്ടുടമയെ പൊലീസ് അറസ്റ്റ് ചെയ്തു. സുല്‍ത്താന്‍ബത്തേരി കൊളഗപ്പാറ വട്ടത്തിമൂല കൃഷ്ണന്‍കുട്ടിയുടെ വീട്ടില്‍ നിന്നാണ് കഞ്ചാവ് കണ്ടെടുത്തത്. ജില്ലാ പൊലീസ് മേധാവി അരവിന്ദ് സുകുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാത്തില്‍ ബത്തേരി പൊലീസാണ് പരിശോധന നടത്തിയത്. നാല് ബാഗുകളിലായി 48 പാക്കറ്റുകളിലാക്കിയായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്.
നിരവധി പാക്കറ്റുകളിലായി സൂക്ഷിച്ചതിനാല്‍ അര്‍ധരാത്രിക്ക് ശേഷമാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്. ഇതരസംസ്ഥാനങ്ങളില്‍ നിന്ന് വന്‍തോതില്‍ കഞ്ചാവ് വയനാട്ടിലെത്തിയിട്ടുണ്ടെന്നായിരുന്നു ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച വിവരം. ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ല ലഹരിവിരുദ്ധ സ്‌ക്വാഡ് ഒരാഴ്ചയായി വയനാട്ടിലെ വിവിധ പ്രദേശങ്ങളില്‍ പരിശോധന നടത്തി വരികയായിരുന്നു. വയനാട്ടില്‍ ഇത്രയും കിലോ കഞ്ചാവ് ഒരുമിച്ച് പിടിച്ചെടുക്കുന്നത് ഇതാദ്യമാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ആദിവാസികളെയും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരെയും പ്രലോഭിപ്പിച്ച് കഞ്ചാവ് സൂക്ഷിക്കാന്‍ വീടുകള്‍ കണ്ടെത്തുന്നുവെന്ന വിവരവും പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇത്തരത്തില്‍ സൂക്ഷിച്ചിരുന്ന കഞ്ചാവാണ് പിടിച്ചെടുത്തത്. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച ലഹരിറാക്കറ്റിനെ കുറിച്ച് വിശദമായി അന്വേഷണം നടത്താനാണ് അധികാരികളുടെ തീരുമാനം.