വയനാട്ടില്‍ കടുവയുടെ ആക്രമണത്തില്‍ പരിക്കേറ്റ കര്‍ഷകന്‍ മരിച്ചു


കല്‍പ്പറ്റ: വയനാട്ടില്‍ കടുവയുടെ ആക്രമണത്തില്‍ പരിക്കേറ്റ കര്‍ഷകന്‍ മരിച്ചു. പുതുശ്ശേരി വെള്ളാരംകുന്ന് സ്വദേശി തോമസ് എന്ന സാലുവാണ് മരിച്ചത്. 50 വയസായിരുന്നു.

ഇന്ന് രാവിലെ 11 മണിയോടെയാണ് കൃഷിയിടത്തില്‍ വെച്ച് തോമസിനെ കടുവ ആക്രമിച്ചത്. ഉടനെ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും വൈകീട്ടോടെ മരിച്ചു. കടുവയുടെ ആക്രമണത്തില്‍ സാലുവിന്റെ കൈയ്ക്കും കാലിനും ഗുരുതരമായി പരിക്കേറ്റിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുന്നതിനിടെ ഹൃദയ സ്തംഭനമുണ്ടാവുകയായിരുന്നു.

സാലുവിന്റെ കുടുംബത്തിന് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ആദ്യ ഗഡു അഞ്ച് ലക്ഷം രൂപ ആശ്രിതര്‍ക്ക് ഉടന്‍ നല്‍കും. ഇത് സംബന്ധിച്ച് വനം മന്ത്രി കളക്ടര്‍ക്ക് നിര്‍ദേശം നല്‍കി.

ജനവാസ മേഖലയിലിറങ്ങിയ കടുവയെ മയക്കുവെടിവെച്ച് പിടികൂടാനാണ് തീരുമാനം. അതേസമയം, പ്രദേശത്ത് നാട്ടുകാര്‍ വന്‍ പ്രതിഷേധത്തിലാണ്. പ്രതിഷേധത്തിന്റെ ഭാഗമായി വനപാലകരെ നാട്ടുകാര്‍ തടഞ്ഞു.

Summary: Farmer died due to tiger attack in wayanad