വയനാട്ടിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങളില്‍ ഇന്ന് മുതല്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനം


കല്‍പ്പറ്റ: വിനോദസഞ്ചാരമേഖലയുടെ വാതിലുകള്‍ തുറന്ന് വയനാട്. വന്യതയുടെ വശ്യസൗന്ദര്യമൊളിപ്പിച്ച ഇവിടം സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ടയിടമാണ്. ചെമ്പ്രാ പീക്ക്, സൂചിപ്പാറ ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ ഇന്ന് മുതല്‍ തുറക്കുകയാണ്. ശക്തമായ കാലവര്‍ഷത്തെ തുടര്‍ന്നാണ് ഈ കേന്ദ്രങ്ങള്‍ അടച്ചത്. മീന്‍മുട്ടി, കുറുവ തുടങ്ങിയിടങ്ങളും ഇന്ന് തുറക്കും.

വയനാട്ടിലെ ഏറ്റവും ഉയരം കൂടിയ പ്രദേശമായ ചെമ്പ്ര കൊടുമുടി സമുദ്രനിരപ്പില്‍ നിന്നും 6730 അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഹൃദയത്തിന്റെ ആകൃതിയിലുള്ള തടാകത്തിന്റെ ഭംഗി കണ്ടാസ്വദിക്കേണ്ടത് തന്നെ. വാച്ച് ടവറിലേക്ക് അല്ലെങ്കില്‍ കൊടുമുടിയിലേക്ക് ട്രക്കിംഗ് നടത്താം.

നിരക്ക്

വാച്ച് ടവറിലേക്ക് 20 രൂപയാണ് പ്രവേശന നിരക്ക്. കൊടുമുടിയിലേക്ക് പത്തുപേരടങ്ങുന്ന സംഘത്തിന് 750 രൂപയാണ് പ്രവേശന നിരക്ക്.

ചെമ്പ്രയിലേക്ക് എങ്ങനെ എത്താം
വയനാട്ടിലേക്കുള്ള പ്രവേശനകവാടമായ ലക്കിടി കടന്ന് ദേശീയപാത 212-ലൂടെ 10 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ചുണ്ടേല്‍ ടൗണിലെത്താം. വലത് ഊട്ടി റൂട്ടിലേക്ക് തിരിഞ്ഞ് 10 കിലോമീറ്റര്‍ പോയാല്‍ മേപ്പാടിയെത്തും. വലത്തേയ്ക്കുള്ള ചെറിയ വഴിയിലേക്ക് തിരിയുക. നാല് കിലോമീറ്റര്‍ എസ്റ്റേറ്റ് റോഡിലൂടെ സഞ്ചരിച്ച് ടിക്കറ്റ് കൗണ്ടറിലെത്താം.