വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണണം; പെരുവണ്ണാമുഴി ഫോറസ്റ്റ് റേഞ്ച് ഓഫീസില്‍ വി ഫാം പ്രവര്‍ത്തകരുടെ കുത്തിയിരിപ്പ് സമരം


പേരാമ്പ്ര: പെരുവണ്ണാമുഴിയിലെയും പരിസര പ്രദേശങ്ങളിലെയും വന്യമൃഗ ശല്യം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് വി ഫാമിന്റെ നേതൃത്വത്തില്‍ പെരുവണ്ണാമൂഴി റേഞ്ച് ഫോറസ്റ്റ് ഓഫീസില്‍ വി ഫാം പ്രവര്‍ത്തകരുടെ കുത്തിയിരിപ്പ് സമരം. രാത്രിയിലും വി.ഫാം പ്രവര്‍ത്തകര്‍ ഫോറസ്റ്റ് ഓഫീസിന് മുന്നില്‍ സമരത്തിലാണ്. പെരുവണ്ണാമൂഴിയില്‍ കാട്ടാനയിറങ്ങി കൃഷി നശിപ്പിക്കുന്നത് പതിവായതോടെയാണ് സമരം ശക്തമാക്കാന്‍ വി ഫാം തീരുമാനിച്ചത്.

കാട്ടുമൃഗ ശല്യത്തെ തുടര്‍ന്ന് ജൂലൈ 10 ന് വി ഫാമിന്റെ നേതൃത്വത്തില്‍ ഫോറസ്റ്റ് ഓഫീസ് ഉപരോധിച്ചിരുന്നു. എന്നാല്‍ വനം മന്ത്രി എ കെ ശശീന്ദ്രന്‍ ഇടപെട്ടതോടെ സമരം പിന്‍വലിക്കുകയായിരുന്നു. മന്ത്രിയുടെ നിര്‍ദേശ പ്രകാരം ജൂലൈ 12 ന് ഡി എഫ് ഒ കാട്ടാനകള്‍ നശിപ്പിച്ച കര്‍ഷകരുടെ കൃഷി സ്ഥലം സന്ദര്‍ശിച്ചിരുന്നു. എന്നാല്‍ ഉദ്യോഗസ്ഥരുടെ സന്ദര്‍ശനം മാത്രമാണ് ഉണ്ടാകുന്നതെന്നും വന്യമൃഗ ശല്യം പരിഹരിക്കുന്നതിനാവശ്യമായ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്. വന്യമൃഗ ശല്യത്താല്‍ കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ 40 ലക്ഷം രൂപക്ക് മുകളിലുള്ള കാര്‍ഷിക വിളകളാണ് നശിപ്പിക്കപ്പെട്ടത്.

പെരുവണ്ണാമൂഴി വട്ടക്കയം സ്വദേശിയും വി.ഫാം കോഴിക്കോട് ജില്ലാ സെക്രട്ടറിയുമായ ബാബു പൈകയുടെ കൃഷിയിടത്തിലെ വാഴകള്‍ കാട്ടാനകള്‍ കഴിഞ്ഞ ആഴ്ച നശിപ്പിച്ചിരുന്നു. ഇന്നലെ രാത്രിയും ആനയിറങ്ങി കൃഷികള്‍ വ്യാപകമായി നശിപ്പിച്ചു. ഇതോടെ കര്‍ഷകരുടെ ഉപജീവ മാര്‍ഗമാണ് ഇല്ലാതാവുന്നത്. വന്യമൃഗ ശല്യത്തിന് പരിഹാരം കാണുന്നത് വരെ സമരം ചെയ്യാനാണ് വിഫാമിന്റെ തീരുമാനം. കൃഷിയിടത്തിലിറങ്ങി വ്യാപക നഷ്ടം വിതക്കുന്ന ഒറ്റക്കൊമ്പനെ വെടിവെച്ച കൊല്ലാന്‍ വനം വകുപ്പ് തയ്യാറാവണം. അലാത്തപക്ഷം പ്രദേശത്തെ ജനങ്ങളുടെ ജീവനും സ്വത്തിനും യാതൊരു സുരക്ഷയും ഇല്ലാതാവുകയാണ്. ആനയെ പേടിച്ച് പ്രദേശത്തുകാര്‍ റബര്‍ ടാപ്പിംഗ് അടക്കം പണികള്‍ ചെയ്യാന്‍ ബുദ്ധിമുട്ട് അനുഭവിക്കയാണെന്ന് വി ഫാമിന്റെ ചെയര്‍മാന്‍ ജോയി കണ്ണഞ്ചിറ വ്യക്തമാക്കി.

കഴിഞ്ഞ കുറേ ദിവസങ്ങളായി പെരുവണ്ണാമൂഴി ഫോറസ്റ്റ് ഓഫീസ് പരിധിയില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളില്‍ വ്യാപകമായി കൃഷി നശിപ്പിക്കുന്നുണ്ട്. കാട്ടാനകളും കാട്ടുപന്നികളുമാണ് പ്രദേശത്തെ കൃഷികള്‍ നശിപ്പിക്കുന്നത്. കാട്ടുമൃഗ ശല്യത്തെ തുടര്‍ന്ന് കൃഷി ചെയ്യാന്‍ സാധിക്കാത്ത സ്ഥിതിയിലാണ് കര്‍ഷകര്‍. കഴിഞ്ഞ ദിവസം കൂത്താളി ജില്ലാ കൃഷി ഫാമിലെ തെങ്ങുകള്‍ കാട്ടാനകൂട്ടം നശിപ്പിച്ചിരുന്നു. പൂഴിത്തോട്, ചെമ്പനോട, മുതുകാട് എന്നിവിടങ്ങളിലെ കാര്‍ഷിക വിളകളും നശിപ്പിക്കപ്പട്ടിരുന്നു.

കാട്ടുമൃഗങ്ങളെ പ്രതിരോധിക്കാനായി കര്‍ഷകരുടെ കൈവശം തേക്കുകള്‍ ഉണ്ടായിരുന്നെങ്കിലും അവയൊക്കെ സര്‍ക്കാര്‍ തിരിച്ച് വാങ്ങിച്ചു. കാട്ടുമൃഗ ശല്യത്തിന് പരിഹാരം കാണണമെന്ന് കര്‍ഷകര്‍ നിരവധി തവണ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ജനപ്രതിനിധികളും അധികാരികളും യോഗങ്ങള്‍ ചേരുന്നതല്ലാതെ തുടര്‍ നടപടികള്‍ ഒന്നുംതന്നെ സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.