വന്യമൃഗശല്യം പരിഹരിക്കുമെന്ന് വനംവകുപ്പിന്റെ ഉറപ്പ്; പെരുവണ്ണാമുഴിയിലെ ഭിന്നശേഷിക്കാരനായ കര്‍ഷകന്‍ ജോണ്‍സണ്‍ നിരാഹാര സമരം അവസാനിപ്പിച്ചു


പേരാമ്പ്ര: വന്യമൃഗ ശല്യത്തിനെതിരെ ഭിന്നശേഷിക്കാരനായ പെരുവണ്ണാമൂഴി സ്വദേശിയായ ജോണ്‍സണ്‍ നടത്തിയ നിരാഹാര സമരം അവസാനിപ്പിച്ചു. വനം വകുപ്പ് അധികൃതരുടെ ഉറപ്പിനെ തുടര്‍ന്നാണ് ഇന്ന് രാവിലെ മുതല്‍ തെങ്ങിന്‍ ചുവട്ടില്‍ നടത്തിയ സമരം ജോണ്‍സണ്‍ അവസാനിപ്പിച്ചത്.

വന്യമൃഗ ശല്യത്തെ തുടര്‍ന്ന് സ്വന്തം കൃഷിയിടത്തില്‍ ഒരു ആദായവും ജോണ്‍സണ് ലഭിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഇത്തരമൊരു സമരവുമായി ജോണ്‍സണ്‍ മുന്നോട്ട് വന്നത്. സമരത്തിന് പിന്തുണയുമായി വിവിധ കര്‍ഷക നേതാക്കളും ജനപ്രതിനിധികളും ജോണ്‍സണിന്റെ വീട്ടില്‍ എത്തിയിരുന്നു.

എഴുപത്തിയഞ്ച് ശതമാനം ഭിന്നശേഷിക്കാരനായ ജോണ്‍സണ്‍ വീടിനോട് ചേര്‍ന്ന തെങ്ങിന്റെ ചുവട്ടിലാണ് സമരമിരുന്നത്. തുടര്‍ന്ന് വനംവകുപ്പ് അധികൃതര്‍ ജോണ്‍സനും കര്‍ഷക നേതാക്കളുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ഉച്ചയോടെ സമരം അവസാനിപ്പിക്കുകയായിരുന്നു. രാവിലെ പത്ത് മണിമുതല്‍ ആരംഭിച്ച സമരം ഭാര്യ ഉഷ നാരങ്ങാനീര് കുടിച്ചാണ് ജോണ്‍സണ്‍ അവസാനിപ്പിച്ചത്.

പ്രദേശത്തെ പേന്‍സിംഗ് കാര്യക്ഷമമാക്കുമെന്നും, വനത്തില്‍ നിന്ന് സമീപത്തെ കൃഷിയിടത്തിലേക്ക് നീണ്ടു നില്‍ക്കുന്ന മരച്ചില്ലകള്‍ മുറിച്ചുമാറ്റുമെന്നും ആനമതില്‍ നിര്‍മ്മാണത്തിനായി സമര്‍പ്പിച്ച നിര്‍ദേശം സര്‍ക്കാരിനെ കൊണ്ട് അംഗീകരിക്കാനുള്ള ശ്രമം നടത്തുമെന്നും വനംവകുപ്പ് അധീകൃതര്‍ ഉറപ്പ് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സമരം അവസാനിപ്പിക്കാന്‍ ജോണ്‍സണ്‍ തയ്യാറായത്. പെരുവണ്ണാമൂഴി ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ കെ.വി ബൈജു, ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ ഇ.ബൈജുനാഥ് എന്നിവരുടെ നേതൃത്വത്തിലാണ് ചര്‍ച്ച നടത്തിയത്.

ജോണ്‍സന്റെ കൃഷിയിടത്തിലെത്തുന്ന കുരങ്ങുകളെ പിടികൂടാനായി കെണിക്കൂട് സ്ഥാപിച്ചിട്ടുണ്ടെന്നും ഇതില്‍ ഒരു കുരങ്ങന്‍ ഇന്ന് കുടുങ്ങിയിട്ടുണ്ടെന്നും ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ ഇ.ബൈജുനാഥ് പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. വനത്തില്‍ നിന്ന് ജോണ്‍സന്റെ കൃഷിയിടത്തിലേക്ക് നീണ്ടു നില്‍ക്കുന്ന മരച്ചില്ലകള്‍ വെട്ടി മാറ്റുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാമെന്ന് നേരത്തെ അറിയിച്ചിരുന്നതാണ്. എന്നാല്‍ പ്രതികൂല കാലവസ്ഥയെതുടര്‍ന്ന് ഇത് നീണ്ടുപോവുകയായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. ഉടന്‍തന്നെ ഇത് പരിഹരിക്കുമെന്നും ബൈജുനാഥ് പറഞ്ഞു.

75 ശതമാനം ഭിന്ന ശേഷിക്കാരനായ ജോണ്‍സണും കുടുംബവും കൃഷിയിടത്തില്‍ നിന്ന് ലഭിക്കുന്ന ആദായം കൊണ്ടാണ് കഴിഞ്ഞിരുന്നത്. എന്നാല്‍ കാട്ടുമൃഗ ശല്യം കാരണം ഇപ്പോള്‍ ജീവിതം വഴിമുട്ടിയ അവസ്ഥയാണ്. ഇതിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ടാണ് ജോണ്‍സണ്‍ തെങ്ങിന്‍ ചുവട്ടില്‍ സമരം ആരംഭിക്കാന്‍ തീരുമാനിച്ചത്.

ഒന്നേകാല്‍ ഏക്കര്‍ സ്ഥലത്തു നിന്നു ജോണ്‍സനും കുടുംബത്തിനും കഴിയാനുള്ള വരുമാനം മുമ്പ് ലഭിച്ചിരുന്നതാണ്. എന്നാല്‍ അഞ്ചാറു കൊല്ലമായി ഇവിടെ ഒരു രൂപ പോലും ലഭിക്കാത്ത അവസ്ഥയിലാണെന്ന് ജോണ്‍സണ്‍ പറഞ്ഞു. 45 -50 ഓളം കായ്ഫലം ഉള്ള തെങ്ങുകള്‍ ഉണ്ടെങ്കിലും ഇപ്പോള്‍ അതില്‍ നിന്ന് തേങ്ങാ പറിക്കാറില്ല. കുരങ്ങ് കൂട്ടത്തോടെ വന്നു മച്ചിങ്ങ മുതല്‍ വെള്ളയ്ക്ക വരെയുള്ളത് പറിച്ച് കളയുന്നതിനാല്‍ തേങ്ങയോ അത്യാവശ്യത്തിനു ഒരു കരിക്ക് പോലും കിട്ടാത്ത അവസ്ഥയായി. അതുപോലെ മറ്റൊരു കൃഷിയും ചെയ്യുവാന്‍ പറ്റുന്നില്ലെന്നും ജോണ്‍സണ്‍ പറയുന്നു. ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാവശ്യപ്പെട്ടാണ് ജോണ്‍സണ്‍ തെങ്ങിന്‍ ചുവട്ടില്‍ നിരാഹാരമിരിക്കാന്‍ തീരുമാനിച്ചത്.