‘വനിതാ ശിശു വികസന വകുപ്പില്‍ തൊഴിലവസരം’; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (14/12/2021)


കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം.

പ്ലേസ്മെന്റ് ഓഫീസര്‍ നിയമനം

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ന്യൂറോസയന്‍സും( ഇംഹാന്‍സ്) സാമൂഹ്യനീതി വകുപ്പും ചേര്‍ന്ന് നടത്തുന്ന ‘മാനസിക രോഗം നേരിടുന്ന മുതിര്‍ന്നവര്‍ക്ക് പിന്തുണയും പുനരധിവാസവും’ പ്രോജക്ടില്‍ പ്ലേസ്മെന്റ് ഓഫീസര്‍ തസ്തികയില്‍ ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. യോഗ്യത –
സൈക്യാട്രിക് ക്രമീകരണത്തില്‍ അനുഭവപരിചയമുള്ള എംഎസ്ഡബ്ല്യു മെഡിക്കല്‍, സൈക്യാട്രി. അപേക്ഷ ഡിസംബര്‍ 24ന് അഞ്ചിനകം ഡയറക്ടര്‍, ഇംഹാന്‍സ്, മെഡിക്കല്‍ കോളേജ് പി.ഒ.എന്ന വിലാസത്തില്‍ ലഭിക്കണം.

അസിസ്റ്റന്റ് പ്രൊഫസര്‍ അഭിമുഖം 20 ന്

കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴിലെ തവനൂര്‍ കാര്‍ഷിക എഞ്ചിനീയറിംഗ് കോളേജിലെ വിവിധ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നതിന് ഡിസംബര്‍ 20ന് രാവിലെ 9.30 ന് കോളേജില്‍ അഭിമുഖം നടത്തും. ഒരു വര്‍ഷത്തേക്കാണ് നിയമനം. മാസ ശമ്പളം 44,100 രൂപ. വിശദ വിവരങ്ങള്‍ക്ക് www.kau.in, kcaet.kau.in.

ബി.സി.ഡി.സി ചെയര്‍മാനായി അഡ്വ.കെ.പ്രസാദ് ചുമതലയേറ്റു

സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനായി അഡ്വ. കെ.പ്രസാദ് ചുമതലയേറ്റു. സംസ്ഥാന കയര്‍ മെഷിനറി മാനുഫാക്ചറിങ് കമ്പനിയുടെ ചെയര്‍മാനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ആലപ്പുഴ ജില്ലാ ബാങ്ക് പ്രസിഡന്റ്, കേരള സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

തദ്ദേശ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതി ഭേദഗതികൾക്ക് അംഗീകാരം

ജില്ലയിലെ വിവിധ തദ്ദേശസ്ഥാപനങ്ങൾ തയ്യാറാക്കിയ 2021-2022 വാർഷിക പദ്ധതി ഭേദഗതികൾക്ക് ജില്ലാ ആസൂത്രണ സമിതി യോഗം അംഗീകാരം നൽകി. 46 ഗ്രാമ പഞ്ചായത്തുകളുടെയും അഞ്ച് ബ്ലോക്ക് പഞ്ചായത്തുകളുടെയും ആറ് നഗരസഭകളുടെയും പദ്ധതികൾക്ക് യോഗം അംഗീകാരം നൽകി.

യോഗത്തിൽ നഗര സഞ്ജയ പദ്ധതി സംബന്ധിച്ച് പ്രാഥമിക ചർച്ച നടത്തി. ഈ മാസം 16 ന് കോർപറേഷൻ ഓഫീസിൽ നഗര സഞ്ജയ പദ്ധതിയെ സംബന്ധിച്ച് ചർച്ച ചെയ്യാനായി ജോയിന്റ് പ്ലാനിങ് കമ്മിറ്റി കൂടാൻ യോഗത്തിൽ തീരുമാനമായി. 22-27 വരെയുള്ള പഞ്ചവത്സര പദ്ദതിയുടെ മുന്നോടിയായി സ്‌റ്റാറ്റസ് റിപ്പോർട്ട്,വികസന രേഖ എന്നിവ തയ്യാറാക്കൽ
സംബന്ധിച്ച ജില്ലാ തല ശിൽപശാല 23ന് നടത്താൻ തീരുമാനമായി.

ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ഷീജ ശശി, മേയർ ഡോ ബീന ഫിലിപ് 1 ഡെപ്യൂട്ടി മേയർ മുസാഫിർ അഹമ്മദ്, പ്ലാനിംഗ് ഓഫീസർ ടി ആർ മായ, എഡിഎം സി മുഹമ്മദ് റഫീഖ്, വിവിധ തദ്ദേശസ്ഥാപനങ്ങളിലെ പ്രസിഡന്റുമാർ, ഉദ്യോഗസ്ഥർ ആസൂത്രണ സമിതി അംഗങ്ങൾ വകുപ്പുതല ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

വിവരം അറിയിക്കണം

ജില്ലയിലെ വിമുക്തഭടന്മാരുടെ മക്കളില്‍ ശാരീരികവും മാനസികവുമായി വൈകല്യമുള്ള കുട്ടികളുടെ സംരക്ഷണം തങ്ങളുടെ മരണശേഷം ആര്‍മി അതോറിറ്റിയെ ഏല്‍പ്പിക്കാന്‍ താല്‍പ്പര്യമുള്ള വിമുക്തഭടന്മാര്‍ ഡിസംബര്‍ 17 നകം വിവരം ജില്ലാ സൈനികക്ഷേമ ഓഫീസില്‍ അറിയിക്കണമെന്ന് ജില്ലാ സൈനികക്ഷേമ ആഫീസര്‍ അറിയിച്ചു. ഫോണ്‍ 0495 2771881.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.


പഞ്ചകര്‍മ്മ ടെക്‌നീഷ്യന്‍ കോഴ്സ് പ്രവേശനം

പ്രളയാനന്തര കേരളത്തിന്റെ പുനര്‍സൃഷ്ടിക്കായി ലോകബാങ്കിന്റെ ധനസഹായത്തോടെ യുവകേരളം പദ്ധതിയുടെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന പഞ്ചകര്‍മ്മ ടെക്‌നീഷ്യന്‍ കോഴ്‌സിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. ആറ് മാസമാണ് പരിശീലന കാലാവധി. യോഗ്യത പ്ലസ്ടു. കോഴിക്കോട് ജില്ലയിലെ 18നും 25നും ഇടയില്‍ പ്രായമുള്ള തൊഴില്‍രഹിതരായ യുവതീ- യുവാക്കള്‍ക്ക് ചേരാം. കുടുംബശ്രീ വഴി ജന്‍ ശിക്ഷണ്‍ സന്‍സ്ഥാന്‍ മലപ്പുറം ആണ് പദ്ധതി നടപ്പിലാക്കുന്നത്. പരിശീലനം, താമസം, ഭക്ഷണം എന്നിവ സൗജന്യമായിരിക്കും. പരിശീലനശേഷം വിവിധ സ്ഥാപനങ്ങളില്‍ ജോലി നല്‍കുന്നതിനുള്ള സംവിധാനം ജെഎസ്എസ് ഒരുക്കുമെന്ന് ഡയറക്ടര്‍ അറിയിച്ചു. അപേക്ഷിക്കേണ്ട അവസാന തീയ്യതി ഡിസംബര്‍ 18. കൂടുതല്‍ വിവരങ്ങള്‍ക്ക് 9446397624, 9020643160, 9746938700.

വനിതാ ശിശു വികസന വകുപ്പില്‍ തൊഴിലവസരം

വനിതാ ശിശു വികസന വകുപ്പിന്റെ സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ ജില്ലാ ഘടകമായ ജില്ലാ കോഴിക്കോട് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയിലേക്കും ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിലേക്കും 2022 മാര്‍ച്ചില്‍ പ്രതീക്ഷിക്കുന്ന ഒഴിവുകളിലേക്ക് വിജ്ഞാപനം പുറപ്പെടുവിച്ചു. ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റിയില്‍ ചെയര്‍പേഴ്സന്റെ ഒരു ഒഴിവും മെമ്പര്‍മാരുടെ നാല് ഒഴിവുകളും ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡില്‍ സോഷ്യല്‍ വര്‍ക്കര്‍ മെമ്പര്‍മാരുടെ രണ്ട് ഒഴിവുകളുമാണുള്ളത്. ഇതു സംബന്ധിച്ച വിജ്ഞാപനങ്ങള്‍ ഗസറ്റിലും വനിതാ ശിശു വികസന വകുപ്പിന്റെ http:/wcd.kerala.gov.in വെബ്സൈറ്റിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. താല്‍പര്യമുള്ളവര്‍ നിശ്ചിത മാതൃകയിലുള്ള അപേക്ഷകള്‍ ഡിസംബര്‍ 24ന് വൈകീട്ട് അഞ്ചിനകം വനിതാ ശിശു വികസന ഡയറക്ടര്‍, സംയോജിത ശിശുസംരക്ഷണ പദ്ധതി, പൂജപ്പുര, തിരുവനന്തപുരം പിന്‍ 695012 എന്ന വിലാസത്തില്‍ നേരിട്ടോ തപാല്‍ മുഖേനയോ സമര്‍പ്പിക്കണം.

നിയുക്തി തൊഴില്‍മേള 18ന്

സംസ്ഥാന സര്‍ക്കാര്‍ നാഷണല്‍ എംപ്ലോയ്മെന്റ് സര്‍വ്വീസ് വകുപ്പ് മുഖേന സംഘടിപ്പിക്കുന്ന നിയുക്തി 2021 തൊഴില്‍ മേള ഡിസംബര്‍ 18ന് കോഴിക്കോട് ഗവ.എഞ്ചിനീയറിംഗ് കോളേജില്‍ നടക്കും. പൊതു മരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് മേള ഉദ്ഘാടനം ചെയ്യും. ജില്ലയിലെ സ്വകാര്യ മേഖലയിലെ എഴുപത്തഞ്ചോളം പ്രമുഖ കമ്പനികള്‍ പങ്കെടുക്കുന്ന മേളയില്‍ മൂവായിരത്തോളം ഒഴിവുകളിലേക്കാണ് നിയമനം പ്രതീക്ഷിക്കുന്നത്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് www.jobfest.kerala.gov.in വെബ്സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്ത് മേളയില്‍ പങ്കെടുക്കാമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു.

മരം ലേലം

പൊതുമരാമത്ത് വകുപ്പിന് കീഴിലെ പുതിയങ്ങാടി – ഉളേള്യരി – കുറ്റ്യാടി – ചൊവ്വ റോഡില്‍ യാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും അപകട ഭീഷണിയായതും റോഡ്് പുനരുദ്ധാരണത്തിന്റെ ഭാഗമായി മുറിച്ച് മാറ്റേണ്ടതുമായ ആറ് മഴമരങ്ങള്‍ ഡിസംബര്‍ 20ന് രാവിലെ 11 മണിക്ക് പാവങ്ങാട് കെഎസ്ആര്‍ടിസി ഡിപ്പോക്ക് സമീപത്ത് ലേലം ചെയ്യും.

പൊതുമരാമത്ത് വകുപ്പ് ദേശീയപാത വിഭാഗം സര്‍വ്വേ റിപ്പോര്‍ട്ടുകള്‍ പ്രകാരമുള്ള മരത്തിന്റെ ലേലം ഡിസംബര്‍ 17ന് രാവിലെ 11ന് ദേശീയപാത ഉപേതര വിഭാഗം കൊടുവള്ളി അസി.എഞ്ചിനീയറുടെ കാര്യാലയത്തില്‍ നടത്തും.

പൊതുമരാമത്ത് വകുപ്പിന് കീഴിലെ ചാത്തമംഗലം – വേങ്ങേരിമഠം – പാലക്കാടി റോഡ് പുനരുദ്ധാരണത്തിന്റെ ഭാഗമായി മുറിച്ച് മാറ്റേണ്ട 10 മരങ്ങള്‍ ഡിസംബര്‍ 22ന് രാവിലെ 11 മണിക്ക് പാലക്കാടി അങ്ങാടിയില്‍ ലേലം ചെയ്യും.

വിവിധ തസ്തികകളില്‍ പിഎസ്‌സി വിജ്ഞാപനം

സംസ്ഥാന പബ്ലിക് സര്‍വീസ് കമ്മീഷന്‍ വിവിധ തസ്തികളിലേക്ക് വിജ്ഞാപനം പുറപ്പെടുവിച്ചു. യോഗ്യത ഉള്‍പ്പെടെയുളള വിശദ വിവരം www.keralapsc.gov.in ല്‍ ലഭിക്കും.


പേരാമ്പ്ര ന്യൂസ് ഡോട് കോമിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വാട്ട്‌സ്ആപ്പിലൂടെ ഞങ്ങളെ അറിയിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.