വനപാലകർക്ക് നേരെ നായാട്ട് സംഘത്തിന്റെ ആക്രമണം


താമരശ്ശേരി: കൂടരഞ്ഞിയിൽ വനപാലകർക്ക് നേരെ നായാട്ട് സംഘത്തിന്റെ ആക്രമണം. വേട്ടനായ്ക്കളെ അഴിച്ചു വിട്ട് ആക്രമിച്ചു. കാട്ടുപേത്തിനെ അനധീകൃതമായി വേട്ടയാടി ഉണക്കയിറച്ചി പങ്കിടുന്നെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് പരിശോധനയ്‌ക്കെത്തിയ വനപാലകര്‍ക്ക് നേരെയാണ് വേട്ട നായ്ക്കളെ അഴിച്ചുവിട്ട് നായാട്ടു സംഘം ഓടിരക്ഷപ്പെട്ടത്. കൂടരഞ്ഞി പൂവാറംതോട് തമ്പുരാന്‍കൊല്ലി പ്രദേശത്ത് വ്യാഴാഴ്ച രാവിലെ എട്ടുമണിയോടെയാണ് സംഭവം. ആറ് പേരാണ് നായാട്ടു സംഘത്തിലുണ്ടായിരുന്നത്.

കാക്ക്യാനിയില്‍ ജീല്‍സണ്‍, പൂവാറംതോട് കയ്യാലയ്ക്കകത്ത് വിനോജ്, പേരുമ്പൂളിയില്‍ ബേബി, ജയ്‌സന്‍, വിജേഷ് എന്നിവരും കണ്ടാലറിയാവുന്ന മറ്റൊരു പ്രതിയുമാണ് വേട്ട നായ്ക്കളെ ഉപയോഗിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നേരെ ആക്രമണം നടത്തിയതെന്ന് താമരശ്ശേരി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എം കെ രാജീവ് കുമാര്‍ അറിയിച്ചു.

നായാട്ടു സംഘത്തിലുള്‍പ്പെട്ട ജീല്‍സണ്‍ന്റെ താമസസ്ഥലത്ത് തിരുവമ്പാടി പോലീസിന്റെ സഹായത്തോടെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ അമ്പത് കിലോയോളം കാട്ടുപോത്തിന്റെ ഉണക്കിയ ഇറച്ചി, രണ്ട് നാടന്‍ തോക്കുകള്‍, പതിനെട്ട് തിരകള്‍, മൂന്ന് ചാക്ക് വെടിമരുന്ന്, ഒരു കിലോയോളം വരുന്ന ആയ ഉണ്ടകള്‍, അഞ്ച് വെട്ടുകത്തികള്‍, മഴു, വടിവാള്‍, വെടിക്കോപ്പുകള്‍, ഹെഡ്‌ലൈറ്റുകള്‍ എന്നിവ കണ്ടെടുത്തു. കാട്ടുപോത്തിന്റെ കൊനപ് സഹിതം പ്രദേശത്ത് നിര്‍ത്തിയിട്ടിരുന്ന പ്രതികളുടെ ജീപ്പും വനപാലകര്‍ കസ്റ്റഡിയിലെടുത്തു. ഓടിരക്ഷപ്പെട്ട പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക