വടക്കുംനാഥ ക്ഷേത്രത്തിലെ തിരുമേനിക്ക് കൊവിഡ്; ഭക്തജനങ്ങള്‍ക്ക് മൂന്ന് ദിവസം ക്ഷേത്രത്തില്‍ പ്രവേശനമില്ല


തൃശൂർ: വടക്കുംനാഥ ക്ഷേത്രത്തില്‍ ഒരു തിരുമേനിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആയതിനാല്‍ ഇന്ന് മുതല്‍ 3 ദിവസം ക്ഷേത്രത്തില്‍ ഭക്തജനങ്ങള്‍ക്ക് പ്രവേശനം ഉണ്ടായിരിക്കില്ല. 7 ദിവസം പ്രസാദ വിതരണം നിര്‍ത്തിവച്ചു. തന്ത്രിയുടെ നിര്‍ദേശം അനുസരിച്ച് ആണ് ക്ഷേത്രം അടക്കുവാന്‍ തീരുമാനിച്ചിട്ടുള്ളത്.സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ക്കശമാക്കുകയാണ്. വിവാഹ ചടങ്ങുകള്‍ക്ക് പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണം 75 ല്‍ നിന്ന് 50 ലേക്ക് ചുരുക്കി. ആരാധനാലയങ്ങളിലും കര്‍ശന നിയന്ത്രണം നടപ്പാക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. റമദാന്‍ ചടങ്ങുകളില്‍ പള്ളികളില്‍ പരമാവധി 50 പേര്‍ക്ക് മാത്രമേ പങ്കെടുക്കാവു. സിനിമാ തിയേറ്റര്‍, ഷോപ്പിംഗ് മാള്‍, ക്ലബ്, ജിംനേഷ്യം, ബാറുകള്‍, സ്‌പോര്‍ട്ട്‌സ് കോംപ്ലക്‌സ്, വിദേശ മദ്യ ഷോപ്പുകള്‍, പാര്‍ക്കുകള്‍ എന്നിവ തത്കാലം വേണ്ടെന്നു വയ്ക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.