വടക്കന്‍ കേരളത്തിലും മഴ കനക്കുന്നു; കോഴിക്കോട് കെ.എസ്.ആര്‍.ടി.സി ബസ്സിന് മുകളില്‍ തെങ്ങ് വീണു; താമരശ്ശേരി ചുരത്തില്‍ മണ്ണിടിഞ്ഞു
കോഴിക്കോട്: കനത്ത മഴ ആരംഭിച്ചതോടെ വടക്കന്‍ കേരളത്തിലും കെടുതികള്‍ റിപ്പോര്‍ട്ട് ചെയ്ത് തുടങ്ങി. കണ്ണൂരിലും കോഴിക്കോട് ജില്ലയിലെ വടകര, കുറ്റ്യാടി മേഖലകളിലും ഇടിമിന്നലോടെയുള്ള കനത്ത മഴയാണ് പെയ്യുന്നത്.
കോഴിക്കോട് കെ.എസ്.ആര്‍.ടി.സി ബസ്സിന് മുകളില്‍ തെങ്ങ് വീണു. തിരുവമ്പാടി ആനക്കാംപൊയില്‍ പെരുമാളിപ്പടിക്ക് സമീപത്താണ് അപകടം നടന്നത്. സംഭവത്തില്‍ ആര്‍ക്കും പരിക്ക് ഇല്ല എന്നാണ് ലഭിക്കുന്ന വിവരം.
താമരശ്ശേരി ചുരത്തില്‍ എട്ടാം വളവിനും ഒന്‍പതാം വളവിനും ഇടയില്‍ കനത്ത മഴയെ തുടര്‍ന്ന് മണ്ണിടിഞ്ഞു. വൈകീട്ട് ഏഴു മണിയോടെയാണ് ഒന്‍പതാം വളവിനു താഴെ കല്ലും മണ്ണും റോഡിലേക്ക് ഇടിഞ്ഞു വീണത്. ഇതേ തുടര്‍ന്ന് ഗതാഗതം ഭാഗികമായി തടസപ്പെട്ടിരുന്നു. ഒറ്റ വരിയായാണ് വാഹനം കടത്തി വിട്ടിരുന്നത്.
ഇതിനടുത്ത് തന്നെ തകരപ്പാടിയില്‍ എട്ടു മണിയോടെ റോഡിനു കുറുകെ മരം വീണ് ഒരു മണിക്കൂറിലേറെ ഗതാഗതം പൂര്‍ണ്ണമായും തടസപ്പെട്ടു. കല്‍പ്പറ്റ അഗ്‌നിശമന സേന എത്തിയാണ് മരം മുറിച്ചു മാറ്റിയത്. അടിവാരം പൊലീസ്, ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ എന്നിവര്‍ ഗതാഗതം നിയന്ത്രിച്ചു.