വടകര സ്വദേശിയായ അമ്പതുകാരന് ചെള്ളുപനി സ്ഥിരീകരിച്ചു


വടകര: വടകരയില്‍ സ്‌ക്രബ് ടൈഫസ് അഥവാ ചെള്ളുപനി സ്ഥിരീകരിച്ചു. വടകര സ്വദേശിയായ അമ്പതുകാരനാണ് രോഗം സ്ഥിരീകരിച്ചത്. വിട്ടുമാറാത്ത പനിയും, തലകറക്കവും, തൊണ്ടവേദനയും കാരണം ഒരാഴ്ചയോളം ചികിത്സ നടത്തിയിട്ടും രോഗം ഭേദമായില്ല. തുടര്‍ന്ന് വടകര സഹകരണ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു.

പ്രശസ്ത സീനിയര്‍ ന്യൂറോളജിസ്‌റ് ഡോക്ടര്‍. കെ. സി. മോഹന്‍കുമാറിന്റ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലും ചികിത്സയിലുമാണ് രോഗം സ്ഥിരീകരിച്ചത്. പാലക്കാട് തിരുവനന്തപുരം എന്നിവിടങ്ങളിലാണ് ഇതിനുമുമ്പ് ചെളളുപനി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

ഒറെന്‍ഷ്യ സുസുഗാമുഷി എന്ന ബാക്ടീരിയ ശരീരത്തില്‍ പ്രവേശിക്കുന്നത് മൂലമുണ്ടാകുന്ന പനിയാണ് ചെള്ളുപനി അഥവാ സ്‌ക്രബ് ടൈഫസ്. എലികള്‍ പോലുള്ള സസ്തനികളും ചില ഉരഗങ്ങളിലും കാണപ്പെടുന്ന ചെള്ളിലാണ് ബാക്ടീരിയ വളരുന്നത്. ഈ ചെള്ള് മനുഷ്യനെ കടിച്ചാല്‍ രോഗം പിടിപെടും.

കടിയേറ്റ ഭാഗത്ത് കറുപ്പുനിറം കാണാം. കടിയേറ്റശേഷം പത്ത് പന്ത്രണ്ട് ദിവസങ്ങള്‍കൊണ്ട് രോഗലക്ഷണം പ്രകടമാകും. പനി, കടുത്ത തലവേദന, ശരീരത്തില്‍ പാടുകള്‍, വിറയല്‍ തുടങ്ങിയവയാണ് ലക്ഷണങ്ങള്‍. വൈദ്യസഹായം ലഭിച്ചില്ലെങ്കില്‍ പ്രതിരോധശേഷി തകരാറിലാകുകയും മരണം സംഭവിക്കുകയും ചെയ്യും.