വടകര സീറ്റ് എൽജെഡിക്ക് വിട്ടുനല്‍കില്ല; മാത്യു ടി തോമസ്


വടകര: ജനതാദള്‍ എസ് വര്‍ഷങ്ങളായി ജയിച്ചുകൊണ്ടിരിക്കുന്ന വടകര സീറ്റ് ആർക്കും വിട്ടുനല്‍കില്ലെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ മാത്യു ടി തോമസ്. വടകരയെക്കുറിച്ച് ചര്‍ച്ചയ്ക്കു പോലുമില്ലെന്ന നിലപാടിലാണ് മാത്യു.ടി.തോമസ്. എല്‍ജെഡിക്ക് വടകര നല്‍കാന്‍ സിപിഎം ആലോചിക്കുന്നു എന്ന അഭ്യൂഹങ്ങൾക്കിടയിലാണ് മാത്യു.ടി.തോമസിന്റെ പ്രതികരണം.

മാതൃസംഘടനയായ ജനതാദള്ളിലേക്ക് എല്‍ ജെ ഡിക്ക് ലയിക്കാമെന്ന് മാത്യൂ ടി തോമസ് പറഞ്ഞു. എല്‍.ജെ.ഡി ക്ക് ജനതാദള്ളില്‍ ലയിക്കാനുള്ള വാതില്‍ തുറന്നുകിടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് ജനതാദള്‍ എസ്, എല്‍ജെഡി ലയനത്തിന് സിപിഎം പരമാവധി ശ്രമിച്ചെങ്കിലും സാധ്യമായില്ല. ഇതിനിടെ ഇടതുമുന്നണിയിലേക്കെത്തിയ എല്‍.ജെ.ഡി വടകര സീറ്റ് സിപിഎമ്മിനോട് ആവശ്യപ്പെടുകയും ചെയ്തു.

ജനതാദളിനുള്ളില്‍ നിന്ന് സീറ്റ് എല്‍ജെഡിക്ക് നല്‍കാന്‍ സിപിഎം ആലോചിക്കുന്നതിനിടെയാണ് മാത്യൂ ടി തോമസിന്റെ പ്രതികരണം. പലപാര്‍ട്ടികളും മുന്നണി വിട്ടപ്പോള്‍ ആ സീറ്റുകള്‍ ജനതാദള്‍ എസിന് നല്‍കിയില്ല. പിന്നെ എന്തിന് പുതിയ പാര്‍ട്ടിക്ക് സ്വന്തം സീറ്റ് കൊടുക്കണമന്നാണ് ഉയര്‍ത്തുന്ന ചോദ്യം. ലയനത്തില്‍ നിന്ന് എല്‍ജെഡി പിന്‍മാറിയെങ്കിലും ഇപ്പോഴും സാധ്യതയുണ്ടെന്നാണ് ജനതാദള്‍ നിലപാട്.

എല്ലാ സിറ്റിങ് സീറ്റുകളിലും അവകാശവാദം ഉന്നയിക്കാനാണ് ജനാതാദള്‍ തീരുമാനം. വടകര നിലനിര്‍ത്താനായാലും സി കെ നാണുവിനെ മല്‍സരിപ്പിക്കണോ എന്നതില്‍ ജനാതാദള്ളില്‍ അഭിപ്രായഭിന്നതയുണ്ട്.