വടകര വാണിമേലിൽ ആടിനെ മേയ്ക്കാൻപോയ വീട്ടമ്മ പാമ്പുകടിയേറ്റ് മരിച്ചു
വാണിമേൽ: വിലങ്ങാടിനടുത്ത് ആടിനെ മേയ്ക്കാൻപോയ വീട്ടമ്മ പാമ്പുകടിയേറ്റ് മരിച്ചു. വിലങ്ങാട് വാളൂക്ക് റോഡിലെ എടാട്ട് ലിൻസി രാജു ആണ് മരിച്ചത്. നാല്‍പ്പത്തിയെട്ട് വയസ്സായിരുന്നു.
തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. അയൽവാസിയോടൊപ്പം അടുത്തുള്ള പറമ്പിൽ ആട് മേയ്ക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സ്ത്രീയോട് പാമ്പുകടിയേറ്റു എന്ന് പറഞ്ഞ ഉടനെതന്നെ ലിൻസിക്ക് ബോധം നഷ്ടപ്പെടുകയായിരുന്നു. ഉടൻതന്നെ കല്ലാച്ചി സ്വകാര്യ ആശുപത്രിയിലും തുടർന്ന് തലശ്ശേരി സഹകരണ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
തലശ്ശേരി ഗവ. ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയ മൃതദേഹം കുറ്റ്യാടി പോലീസ് എത്തി ഇൻക്വസ്റ്റ് നടത്തി. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ ഏതുതരം പാമ്പാണ് കടിച്ചതെന്ന് കണ്ടെത്താൻ കഴിയൂ. ഭർത്താവ്: രാജു. മക്കൾ: ജിതിൻ, ജ്വവൽ. ശവസംസ്കാരം ചൊവ്വാഴ്ച രാവിലെ വിലങ്ങാട് സെയ്‌ൻറ് ജോർജ് പള്ളി സെമിത്തേരിയിൽ.