വടകര റെയില്‍വേ ട്രാക്കിനടുത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ ആളെ തിരിച്ചറിഞ്ഞു
വടകര: കരിമ്പനപ്പാലത്തിന് സമീപം റെയിൽവേട്രാക്കിനു താഴെയുള്ള കുറ്റിക്കാടുകൾക്കിടയിൽ മരിച്ചനിലയിൽ കണ്ടയാളെ തിരിച്ചറിഞ്ഞു. പാലക്കാട് കോയമ്പത്തൂർ റോഡിൽ സൗത്ത് പോലീസ് സ്റ്റേഷന് സമീപം കുന്നത്തൂർമേടിൽ വേലായുധൻ മകൻ വിശ്വനാഥനാണ് മരിച്ചത്. നാല്‍പ്പത്തി ഒമ്പത് വയസ്സായിരുന്നു.
ചൊവ്വാഴ്ച വൈകീട്ട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ ബന്ധുക്കൾ എത്തി മൃതദേഹം തിരിച്ചറിഞ്ഞു. ഓഗസ്റ്റ് 26-ന് രാത്രി വെസ്റ്റ്‌കോസ്റ്റ് എക്സ്‌പ്രസിൽ കണ്ണൂരിൽ നിന്നും പാലക്കാട്ടേക്കുള്ള യാത്രാമധ്യേ കരിമ്പനപ്പാലത്തിനു സമീപത്തുവെച്ച് തീവണ്ടിയിൽനിന്ന് തെറിച്ചുവീണാണ് മരണം. നാലുദിവസം കഴിഞ്ഞ് ദുർഗന്ധം വമിച്ചപ്പോൾ നാട്ടുകാർ നടത്തിയ പരിശോധനയിലാണ് കുറ്റിക്കാടുകൾക്കിടയിൽ മൃതദേഹം കണ്ടത്.
കീശയിൽനിന്നും കിട്ടിയ റെയിൽവേ ടിക്കറ്റ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽനിന്ന് ഇയാൾ ടിക്കറ്റെടുക്കുന്ന സി.സി.ടി.വി. ദൃശ്യം കിട്ടിയിരുന്നു. ഇയാൾ നേരത്തെ കണ്ണൂരിൽ ജോലിചെയ്തിരുന്നു. ഈ പരിചയംവെച്ച് കണ്ണൂരിലെത്തി തിരിച്ചുപോകുന്നതിനിടെയാണ് അപകടം.