വടകര പയംകുറ്റിമലയെ ലോക ടൂറിസം ഭൂപടത്തില്‍ ഉള്‍പ്പെടുത്തുമെന്ന് പി.എ മുഹമ്മദ് റിയാസ്


വടകര: പയംകുറ്റിമലയെ ലോക ടൂറിസം ഭൂപടത്തില്‍ ഉള്‍പ്പെടുത്തുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. പയംകുറ്റിമല സന്ദര്‍ശിച്ചതിന് ശേഷം നടന്ന ഉന്നതതല യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

ലോക ടൂറിസം ഭൂപടത്തില്‍ ഉള്‍പ്പെടുത്തി കഴിഞ്ഞാല്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വിനോദസഞ്ചാരികള്‍ക്കും തീര്‍ത്ഥാടകര്‍ക്കുമിടയില്‍ അറിയപ്പെടുന്ന പ്രദേശമായി പയംകുറ്റിമല മാറും. പയംകുറ്റിമലയിലേക്കുള്ള റോഡ് വികസനത്തിന് ശ്രമം നടത്തും. പയംകുറ്റിമലയുടെയും ലോകനാര്‍കാവിലേയും ടൂറിസം സാധ്യത ഫലപ്രദമായി വിപുലീകരിക്കുന്നതിന് ബന്ധപ്പെട്ടവരുടെ യോഗം തിരുവനന്തപുരത്ത് ചേരും. ഈ പ്രദേശങ്ങളുടെ വികസന സാധ്യതകളെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിനോദ സഞ്ചാര വകുപ്പ് ജോയിന്റ് ഡയറക്ടറോടും ഡി.ടി.പി.സി സെക്രട്ടറിയോടും മന്ത്രി നിര്‍ദേശിച്ചു.

ലോകനാര്‍കാവ് ക്ഷേത്രത്തിനടുത്തായി സ്ഥിതി ചെയ്യുന്ന കേന്ദ്രമാണ് പയംകുറ്റിമല. ഈ മലയുടെ മുകളില്‍ മുത്തപ്പന്‍ ക്ഷേത്രം സ്ഥിതി ചെയ്യുന്നുണ്ട്. വിനോദസഞ്ചാര പ്രാധാന്യം കണക്കിലെടുത്ത് വ്യൂ ടവര്‍ നിര്‍മ്മാണം, കോമ്പൗണ്ട് വാള്‍, കഫ്റ്റീരിയ, ലാന്‍ഡ്സ്‌കേപ്പിംഗ്, പാത്ത് വേ നിര്‍മ്മാണം എന്നിവ ഇതിനകം പൂര്‍ത്തിയായി കഴിഞ്ഞു.