വടകര താലൂക്ക് ഓഫീസിലെ തീ നിയന്ത്രണവിധേയം; മേല്‍ക്കൂര തകര്‍ന്നു വീണു; രേഖകളെല്ലാം കത്തിനശിച്ചു (വീഡിയോ കാണാം)


വടകര: താലൂക്ക് ഓഫീസിലുണ്ടായ തീയണച്ചു. ഏറെ നേരത്തെ പരിശ്രമങ്ങള്‍ക്കൊടുവിലാണ് തീയണയ്ക്കാന്‍ സാധിച്ചത്. ഓഫീസിലെ തീപിടുത്തത്തില്‍ വിലപ്പെട്ട രേഖകളും ഫര്‍ണിച്ചറും കംപ്യൂട്ടറുകളും കത്തിയമര്‍ന്നു. തഹസില്‍ദാറുടെ കാബിനും അനുബന്ധ സെക്ഷനുകളും നശിച്ചു. ഏഴു യൂണിറ്റ് അഗ്‌നിരക്ഷാ സേനയും നാട്ടുകാരും ഏറെ നേരം പരിശ്രമിച്ചാണ് തീ കെടുത്തിയത്.

പുലര്‍ച്ചെയോടെയാണ് തീപ്പിടിത്തം ശ്രദ്ധയില്‍പ്പെട്ടത്. കാലപ്പഴക്കമുള്ള കെട്ടിടമാണ് അപകടത്തില്‍പ്പെട്ടത്. മേല്‍ക്കൂരയിലും മറ്റും മരത്തടിയുള്ളതിനാല്‍ പെട്ടെന്നാണ് തീ പടര്‍ന്നുകയറിയത്. ഇത് ആദ്യഘട്ടത്തില്‍ രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചു.
അഞ്ചരയോടെയുണ്ടായ തീപ്പിടിത്തം മൂന്നര മണിക്കൂറിലേറെ നീണ്ട പരിശ്രമത്തിനു ശേഷമാണ് നിയന്ത്രണ വിധേയമാക്കാനായത്.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.


ഷോർട്ട് സര്‍ക്യൂട്ടാണ് തീപ്പിടുത്തതിനുള്ള കാരണമെന്നാണ് പ്രാഥമിക നിഗമനം. പഴക്കമുള്ള കെട്ടിടമായതിനാല്‍ വളരെ വേഗം തീ ആളിപ്പടരുകയായിരുന്നു. എന്തൊക്കെ രേഖകള്‍ കത്തിനശിച്ചു എന്നത് സംബന്ധിച്ച് വിശദമായ വിവരങ്ങള്‍ പിന്നീട് മാത്രമേ വ്യക്തമാകുകയുള്ളൂ.

സ്റ്റേഷന്‍ ഓഫീസര്‍ കെ.അരുണ്‍കുമാറിന്റെ നേതൃത്വത്തില്‍ പഴങ്കാവില്‍ നിന്നുള്ള അഗ്നിരക്ഷാസേന തീ കെടുത്താന്‍ ഏറെ ബുദ്ധിമുട്ടി. സംഭവ സ്ഥലത്തേക്ക് ഫയര്‍എഞ്ചിന്‍ എത്താന്‍ ബുദ്ധിമുട്ട് നേരിട്ടു. സമീപത്തെ പഴയ ട്രഷറിയെയും വിഴുങ്ങിയ തീ തൊട്ടടുത്തുള്ള സബ്ജയിലിന്റെ ഒരു ഭാഗത്തേക്കും പടര്‍ന്നു. ഫയര്‍ഫോഴ്സിന്റെയും ജയില്‍ ജീവനക്കാരുടെയും നാട്ടുകാരുടെയും പരിശ്രമത്താല്‍ തീ കൂടുതല്‍ ഭാഗത്തേക്കു കടക്കുന്നത് തടയാനായി.

ആദ്യം ഫയര്‍ഫോഴ്സിന്റെ രണ്ട് യൂണിറ്റുകളാണ് സ്ഥലത്തെത്തിയത്. എന്നാല്‍, തീ അണയാത്ത പശ്ചാത്തലത്തില്‍ സ്ഥലത്തേക്ക് കൂടുതല്‍ യൂണിറ്റുകളെ എത്തിക്കുകയായിരുന്നു. വടകരയ്ക്കു പുറമെ നാദാപുരം, പേരാമ്പ്ര, കൊയിലാണ്ടി എന്നിവിടങ്ങളില്‍ നിന്നും അഗ്‌നിരക്ഷാസേന എത്തി തീ നിയന്ത്രിക്കുന്നതില്‍ വ്യാപൃതരായി. ജില്ലാ റൂറല്‍ പോലീസ് മേധാവിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് പോലീസും രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമായി പങ്കെടുക്കുന്നുണ്ട്.

വിവരമറിഞ്ഞ് എംഎല്‍എമാരായ കെ.കെ.രമ, ഇ.കെ.വിജയന്‍, കെ.പി.കുഞ്ഞമ്മദ് കുട്ടി, വടകര മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ കെ.പി.ബിന്ദു, കലക്ടര്‍ ഡോ.എന്‍.തേജ് ലോഹിത് റെഡ്ഡി എന്നിവര്‍ സ്ഥലത്തെത്തി.

വീഡിയോ കാണാം: