വടകര കുരിയാടിയില്‍ കടലാക്രമണം രൂക്ഷം; പത്തോളം വീടുകളില്‍ വെള്ളം കയറി


വടകര: കുരിയാടിയില്‍ കടലാക്രണം വീണ്ടും രൂക്ഷം. രണ്ടു ദിവസമായി തുടരുന്ന കടലാക്രമണത്തില്‍ പത്തോളം വീടുകളില്‍ വെള്ളം കയറി. കുരിയാടി അങ്കണവാടി കെട്ടിടം ഏതു സമയവും കടലെടുക്കാവുന്ന അവസ്ഥയിലാണ്.

നാട്ടുകാര്‍ അറ്റകുറ്റ പണി നടത്തി താല്‍ക്കാലികമായി യാത്രയ്ക്ക് തയാറാക്കിയ റോഡ് പാടേ തകര്‍ന്നു. ആവിക്കല്‍-മുട്ടുങ്ങല്‍ റോഡില്‍ കുരിയാടി ക്ഷേത്രത്തിന് സമീപവും ഫിഷ് ലാന്‍ഡിങ് സെന്ററിന്റെ ഭാഗവുമാണ് തകര്‍ന്നത്. റോഡിന്റെ സംരക്ഷണ ഭിത്തിക്കായി കല്ല് ഇറക്കിയിട്ട് ആഴ്ചകളായെങ്കില്ലും കല്ലിട്ടിട്ടില്ല. ഇനിയും കടല്‍ കയറിയാല്‍ കല്ല് വെള്ളത്തില്‍ ഇടേണ്ട അവസ്ഥയാണ് ഉണ്ടാവുകയെന്ന് പ്രദേശവാസികള്‍.

കടലാക്രണം രൂക്ഷമായ കുരിയാടി മേഖല കെ.കെ.രമ എംഎല്‍എ സന്ദര്‍ശിച്ചു. മത്സ്യത്തൊഴിലാളികള്‍ ആശ്രയിക്കുന്ന ആവിക്കല്‍ -മുട്ടുങ്ങല്‍ റോഡിലെ തകര്‍ന്ന ഭാഗങ്ങള്‍ ഭിത്തി കെട്ടി സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പരമ്പരാഗത മത്സ്യത്തൊഴിലാളി സംരക്ഷണ സമിതി പ്രസിഡന്റ് സതീശന്‍ കുരിയാടി അധികൃതര്‍ക്ക് പരാതി നല്‍കി.