വടകരയില്‍ പടവിനു മുകളില്‍ ഇരുത്തിയ ഒമ്പതുമാസം പ്രായമായകുട്ടി കിണറ്റില്‍ വീണു; രക്ഷകനായി അയല്‍വാസിയായ നൗഷാദ്
വടകര: കിണറ്റില്‍വീണ ഒമ്പതുമാസം പ്രായമുള്ള പെണ്‍കുട്ടിയ്ക്ക് രക്ഷകനായി അയല്‍വാസി. പ്രദേശത്തെ സാമൂഹിക പ്രവര്ത്തകന് കൂടിയായ അയല്‍വാസിയായ മീത്തലെ കളോളി നൗഷാദിന്റെ കൃത്യസമയത്തുളള ഇടപെടലിന് കുട്ടിയുടെ ജീവന്റെ വിലതന്നെയുണ്ടായിരുന്നു.
വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. പൊന്മേരിപ്പറമ്പ് പേരാക്കൂലിലെ കളോളിപ്പറമ്പത്ത് ഹാഷിമിന്റെയും നജ്മയുടെയും മകളാണ് കിണറ്റില്‍ വീണത്. ഉമ്മ നജ്മ കിണറിന്റെ പടവിനുമുകളില്‍ കുട്ടിയെ ഇരുത്തിയപ്പോള്‍ കുട്ടി കിണറ്റിലേക്ക് വീഴുകയായിരുന്നു.
നിലവിളി കേട്ട് ഓടിയെത്തിയ നൗഷാദ് ഉടന്‍ തന്നെ കയര്‍കെട്ടി കിണറിലേക്ക് ഇറങ്ങി കുട്ടിയെ പൊക്കിയെടുത്തു. കിണറില്വെച്ചുതന്നെ പ്രാഥമിക ശുശ്രൂഷയും നല്കി. പ്രാഥമിക ശുശ്രൂഷാ പരിശീലനം നേടിയ വ്യക്തിയാണ് നൗഷാദ്.
കരയ്ക്ക് കയറ്റിയ ഉടന്‍ വടകരയിലെ ആശുപത്രിയിലേക്കും പിന്നാലെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്കും കൊണ്ടുപോയി. കുട്ടി അപകടനില തരണം ചെയ്തിട്ടുണ്ട്.
വില്യാപ്പള്ളിയില്‍ വര്‍ക്ക്ഷോപ്പ് നടത്തുന്ന നൗഷാദ് പ്രദേശത്തെ സാമൂഹികപ്രവര്ത്തകന് കൂടിയാണ്. ഇതിനു മുമ്പും നൗഷാദിന്റെ ജീവിതത്തില്‍ ഇതുപോലുള്ള സംഭവങ്ങളുണ്ടായിട്ടുണ്ട്. മുമ്പ് ജോലിസ്ഥലത്ത് ഒരാള്‍ കുഴഞ്ഞുവീണപ്പോള്‍ കൃത്യസമയത്ത് സി.പി.ആര്. നല്കി രക്ഷിച്ചത് നൗഷാദായിരുന്നു.
കുട്ടി കിണറ്റില്‍വീണ സംഭവമറിഞ്ഞ് പൊലീസും സ്ഥലത്തെത്തി. കുട്ടി എങ്ങനെ വീണു എന്നതിനെക്കുറിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്.