വടകരയില്‍ തിമിംഗലത്തിന്റെ ജഡം കരയ്ക്കടിഞ്ഞു


വടകര: പുറങ്കര കടല്‍ തീരത്ത് തിമിംഗിലത്തിന്റെ ജഡം കരയ്ക്കടിഞ്ഞു. ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപം കളിവീട് അങ്കണവാടിക്ക് അരികിലെ കടല്‍ത്തീരത്താണ് സംഭവം. കൗണ്‍സിലറുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ അധികൃതരെ വിവരം അറിയിച്ചു. ജഡം അഴുകി ദുര്‍ഗന്ധം വമിക്കുന്ന നിലയിലായിരുന്നു.

ബുധനാഴ്ച രാവിലെ എട്ടരയോടെ ചോമ്പാല്‍ ഹാര്‍ബറിന് സമീപത്തായി മത്സ്യത്തൊഴിലാളികള്‍ ജഡം കണ്ടിരുന്നു. വൈകിട്ട് നാലോടെയാണ് പുറങ്കര ഭാഗത്ത് കരയ്ക്കടിഞ്ഞത്.

വ്യാഴാഴ്ച രാവിലെ ഒമ്പതോടെ സാന്‍ഡ് ബാങ്ക്‌സിനടുത്ത് മത്സ്യത്തൊഴിലാളികളുടെ സഹകരണത്തോടെ ജഡം പോസ്റ്റ്മോര്‍ട്ടം നടത്തി സംസ്‌കരിച്ചു.