വടകരയില്‍ ഡി.വൈ.എഫ്.ഐ യൂണിറ്റ് സെക്രട്ടറിക്ക് നേരെ കഞ്ചാവ് സംഘത്തിന്റെ ആക്രമണം


വടകര: കഞ്ചാവ് സംഘം ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനെ ആക്രമിച്ചതായി പരാതി. ഡി.വൈ.എഫ്.ഐ താഴെ അങ്ങാടി യൂണിറ്റ് സെക്രട്ടറിയും നോര്‍ത്ത് മേഖല കമ്മിറ്റി അംഗവുമായ ആഷിഖിന് നേരെയാണ് കഞ്ചാവ് മാഫിയയുടെ ആക്രമണം.

ആക്രമണത്തില്‍ ആഷിഖിന്റെ തോളെല്ലിന് സാരമായി പരിക്കേറ്റു. മാരകായുധങ്ങളുമായി വന്ന് ആക്രമിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്ത സംഘം പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചതായി ആഷിക് പൊലീസിന് മൊഴി നല്‍കി.

ഭിന്ന ശേഷിക്കാരനായ ഷര്‍ഫു എന്ന യുവാവിനെ മാഫിയ സംഘം ആക്രമിക്കുന്നത് തടയാന്‍ ഇടപെട്ടപ്പോഴാണ് ആഷിഖിനെ ആക്രമിച്ചത്. പരിക്കേറ്റ ആഷിഖിനെ വടകര സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കഞ്ചാവ് മാഫിയയെ നിലക്കുനിര്‍ത്താന്‍ ബന്ധപ്പെട്ടവര്‍ തയാറായില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുമെന്ന് ഡി.വൈ.എഫ്.ഐ വടകര നോര്‍ത്ത് മേഖല കമ്മിറ്റി മുന്നറിയിപ്പ് നല്‍കി.