വടകരയില്‍ കെ.കെ ശൈലജ, കണ്ണൂരില്‍ എം.വി ജയരാജന്‍; സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് സിപിഎം


തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള കേരളത്തിലെ സിപിഎം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. വടകരയില്‍ കെ.കെ ഷൈലജ, കോഴിക്കോട് എളമരം കരീം, കണ്ണൂര്‍ എം.വി ജയരാജന്‍, ആറ്റിങ്ങൽ – വി. ജോയി എം.എൽ.എ, കൊല്ലം- എം.മുകേഷ് എം.എൽ.എ, ചാലക്കുടി – സി.രവീന്ദ്രനാഥ്, ആലത്തൂർ – മന്ത്രി കെ.രാധാകൃഷ്ണൻ, പാലക്കാട് – പി.ബി അംഗം എ.വിജയരാഘവൻ, മലപ്പുറം – വി.വസീഫ്, പത്തനംതിട്ട – ടി.എം.തോമസ് ഐസക്, ആലപ്പുഴ- എ.എം.ആരിഫ്, എറണാകുളം- കെ.ജെ.ഷൈൻ, ഇടുക്കി – ജോയ്സ് ജോർജ്, പൊന്നാനി- കെ.എസ്.ഹംസ എന്നിവരാണ് മത്സരാര്‍ത്ഥികള്‍.

ഇതോടെ ഇടത് പക്ഷത്തിന്റെ മുഴുവന്‍ സ്ഥാനാര്‍ത്ഥികളുടെയും പ്രഖ്യാപനം പൂര്‍ത്തിയായി. ‘നിര്‍ണായകമായ തിരഞ്ഞെടുപ്പാണ് നടക്കാന്‍ പോകുന്നതെന്നും, ബിജെപിയെ അധികാരത്തില്‍ നിന്നും മാറ്റി നിര്‍ത്തലാണ് ഇടത് മുന്നണിയുടെ തിരഞ്ഞെടുപ്പ് മുദ്രാവാക്യമെന്നും’ വാര്‍ത്താസമ്മേളനത്തില്‍ എം.വി ഗോവിന്ദന്‍ പറഞ്ഞു.

‘ഓരോ സംസ്ഥാനത്തിന്റെയും സവിശേഷതകൾക്കനുസരിച്ച് ബിജെപി വിരുദ്ധ വോട്ടുകൾ കൂട്ടിയോജിപ്പിക്കും. കോർപ്പറേറ്റ് മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നത് പോലെയല്ല ഇന്ത്യയുടെ ചക്രം തിരിയുന്നത്. ബി ജെ പി വിരുദ്ധ വോട്ടുകൾ ഏകോപിപ്പിച്ചാൽ ഇന്ത്യ മുന്നണിക്ക് സാധ്യതയുണ്ടെന്നും’ അദ്ദേഹം പറഞ്ഞു.