വടകരയില്‍ വീട്ടമ്മയെ ആക്രമിച്ച് സ്വര്‍ണം കവര്‍ന്നു; സിസിടിവി ദൃശ്യം പുറത്ത്


വടകര: അഴിയൂര്‍ പഞ്ചായത്തിലെ കല്ലാമലയില്‍ വീട്ടമ്മയെ തലയ്ക്ക് അടിച്ചു പരുക്കേല്‍പിച്ച് നാലര പവന്‍ സ്വര്‍ണ മാല കവര്‍ച്ച ചെയ്ത കേസില്‍ നിര്‍ണായകമായ സിസിടിവി ദൃശ്യം പുറത്ത്. പ്രതികളെ കുറിച്ച് വിവരമില്ല.

മാര്‍ച്ച് 19 ന് ആണ് കുന്നുമ്മക്കര റോഡ് ദേവീ കൃപയില്‍ സുലഭ (55) യെ തലയ്ക്ക് അടിച്ചു പരുക്കേല്‍പിച്ച് സ്വര്‍ണമാല കവര്‍ന്നത്. സംഭവം നടന്ന് പിറ്റേ ദിവസം തന്നെ അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിക്കുകയും പ്രതികളില്‍ ഒരാളുടെ രേഖാ ചിത്രം പുറത്തു വിടുകയും ചെയ്തിരുന്നു. ആരോഗ്യ പ്രവര്‍ത്തകന്‍ എന്ന വ്യാജേന വീട്ടിലെത്തിയ ആളുടെ സിസിടിവി ദൃശ്യം പരിശോധിച്ചാണ് രേഖാ ചിത്രം തയാറാക്കിയത്. ചോമ്പാല പൊലീസ് ഇന്‍സ്‌പെക്ടര്‍ ശിവന്‍ ചോടോത്ത്, എസ്‌ഐ: കെ.വി.ഉമേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്.