വടകരയില്‍ പൂവാടന്‍ഗേറ്റ് അടച്ചു


വടകര: വടകര മുനിസിപ്പാലിറ്റിയിലെ ഒന്ന്, രണ്ട് വാര്‍ഡുകളുടെ അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന 214-ാം നമ്പര്‍ പൂവാടന്‍ ഗേറ്റ് അടച്ചു. അടിപ്പാത പണിയുന്നതിനു വേണ്ടിയാണ് ലവല്‍ക്രോസ് സ്ഥിരമായി അടച്ചിരിക്കുന്നത്. മാസങ്ങള്‍ക്കു ശേഷം അടിപ്പാത യാഥാര്‍ഥ്യമായാല്‍ അതുവഴിയാകും ഇനി യാത്ര. അതുവരെ ഈ ഭാഗത്തുള്ളവര്‍ കിലോമീറ്ററുകള്‍ താണ്ടി വേണം വാഹനങ്ങളില്‍ മറുഭാഗത്തെത്താന്‍. അടിപ്പാതയുടെ നിര്‍മാണം നടക്കുന്നതിനാല്‍ പാലം സ്ഥിരമായി അടച്ചിടുന്നു എന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം.

കാര്‍ ഉള്‍പെടെയുള്ള ചെറു വാഹനങ്ങള്‍ക്കു മാത്രമേ അടിപ്പാതയിലൂടെ പോകാന്‍ കഴിയൂ. മഴക്കാലത്ത് ഇതുവഴി പോകാനും സാധിക്കണമെന്നില്ല. പല പ്രദേശങ്ങളിലും പണിത അടിപ്പാതയില്‍ മഴയത്ത് വലിയ തോതില്‍ വെള്ളം കെട്ടി നിന്ന് യാത്ര മുടങ്ങുന്ന സ്ഥിതിയാണ്. ഇത് ഇവിടേയും ആവര്‍ത്തിക്കുമോ എന്ന ആശങ്കയിലാണ് നാട്ടുകാര്‍. ഇക്കാര്യത്തില്‍ ജനപ്രതിനിധികളും രാഷ്ട്രീയപാര്‍ട്ടി നേതാക്കളും ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.