ഒരു ലിറ്റര്‍ നാടന് 2500 രൂപ വരെ: വടകരയിലെ വിവിധയിടങ്ങളില്‍ വാറ്റുകേന്ദ്രങ്ങള്‍ വീണ്ടും സജീവം


വടകര: ബീവറേജും ബാറും അടഞ്ഞപ്പോള്‍ വ്യാജ വാറ്റു കേന്ദ്രങ്ങള്‍ സജീവമായെന്ന് പരാതി. എക്‌സൈസിനു തലവേദനയായി. നിര്‍മിക്കുന്നത് ഒരു സ്ഥലത്താണെങ്കില്‍ വില്‍പന പല സ്ഥലത്തുമായാണ് നടത്തുന്നതെന്ന് എക്‌സൈസ് കണ്ടെത്തി. ഇതുമൂലം വാറ്റു കേന്ദ്രങ്ങളില്‍ കലക്കി വച്ച വാഷാണ് അധികവും കിട്ടുന്നത്.

കാടുകളിലും ആള്‍ത്താമസമില്ലാത്ത ഭാഗത്തുമാണ് വാറ്റ് കേന്ദ്രങ്ങള്‍ സജീവമായി പ്രവര്‍ത്തിക്കുന്നത്. ചെളിയും വെള്ളക്കെട്ടും നിറഞ്ഞ സ്ഥലത്തു കൂടെ എക്‌സൈസ് സംഘം എത്തുമ്പോഴേക്കും ഉപകരണങ്ങളും ചാരായവും വാഷും മറ്റും മാറ്റിയിരിക്കും. അഥവാ കിട്ടിയാല്‍ തന്നെ പ്രതികളെ അറസ്റ്റ് ചെയ്യാനാവുന്നില്ല. എറാമല തൈക്കണ്ടം, തിരുവള്ളൂരിലെ വെള്ളൂക്കര- ചാനിയം കടവ് ഭാഗം, മണിയൂര്‍, ആയഞ്ചേരി എന്നിവിടങ്ങളിലാണ് വാറ്റു കേന്ദ്രങ്ങള്‍ സജീവം.

ഏറാമലയിലും കൈക്കണ്ടം ഭാഗത്തുംലോക്ഡൗണ്‍ കാലത്ത് എക്‌സൈസ് നടത്തിയ റെയ്ഡില്‍ 1000 ലീറ്ററിലധികം വാഷും 20 ലീറ്ററോളം ചാരായവും പിടികൂടിയിരുന്നു.

വിദേശ മദ്യം കിട്ടാതായതോടെ വൻ വിലയ്ക്ക് വി‍ൽക്കുന്ന ചാരായത്തിൽ വെള്ളം ചേർത്താണ് പലയിടത്തും വിൽപന. ലീറ്ററിന് 1500 രൂപ മതൽ 2500 രൂപയിലധിമാണ് പലരും ഈടാക്കുന്നത്. വാറ്റു കേന്ദ്രത്തിൽ നിന്നു വലിയ വില കൊടുക്കാതെ വാങ്ങുന്ന ചാരായം ഇടനിലക്കാർ കൈമാറി ആവശ്യക്കാരന്റെ കയ്യിലെത്തുമ്പോഴേക്കും വില പതിന്മടങ്ങാകും. ഇങ്ങനെ വിൽക്കുന്ന പലരും വെള്ളം ചേർത്തും വിൽപന നടത്തുന്നു