വടകരയിലെ മണിയൂരില്‍ ഡെങ്കിപ്പനി പടരുന്നു, പൊതുജനം ആശങ്കയില്‍


വടകര: വടകരയിലെ മണിയൂര്‍ മേഖലയില്‍ ഡെങ്കിപ്പനി പടരുന്നു. രണ്ടാഴ്ചയ്ക്കിടെ 14 പേരാണ് രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. പഞ്ചായത്തിലെ പതിനേഴാം വാര്‍ഡില്‍ 11 പേര്‍ക്കും 20 ആം വാര്‍ഡില്‍ രണ്ടുപേര്‍ക്കും ആണ് ഡെങ്കിപ്പനി ബാധിച്ചത്.

ഡെങ്കിപ്പനി ബാധിത പ്രദേശങ്ങളില്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ആരോഗ്യവകുപ്പ് ആരംഭിച്ചു. കുടുംബശ്രീ പ്രവര്‍ത്തകര്‍, ആശാ പ്രവര്‍ത്തകര്‍, ആരോഗ്യവകുപ്പ്, എന്നിവര്‍ ഉള്‍പ്പെട്ട സംഘം വീടുകളില്‍ സന്ദര്‍ശനം നടത്തി. ഉറവിട നശീകരണം, കൊതുകിന്റെ സാന്ദ്രത പഠനം, വീടിനകത്ത് മരുന്ന് തളിക്കല്‍, കൊതുക് നശീകരണത്തിന് ഫോഗിങ്, ബോധവല്‍ക്കരണ നോട്ടീസ് എന്നിവ നടത്തി.

പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പഞ്ചായത്തംഗം പിടി ശോഭന, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ ബാബു, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ സികെ ഷിന്ദു, അമൃത എന്നിവര്‍ നേതൃത്വം നല്‍കി. വീടും പരിസരവും വൃത്തിയാക്കി കൊതുക് മുട്ടയിട്ട് വളരാനുള്ള സാഹചര്യം ഒഴിവാക്കണമെന്ന് മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ രാജേഷ് ശ്രീധരന്‍ അറിയിച്ചു.