വടകരയിലെ എ.ടിഎം കൗണ്ടറുകളില്‍ പൊലീസ് പരിശോധന നടത്തി


വടകര: വടകരയില്‍ നടന്ന എ.ടി.എം. തട്ടിപ്പ് സ്‌കിമ്മറും രഹസ്യക്യാമറയും സ്ഥാപിച്ച് നടത്തിയതാണെന്ന് സംശയം. ടൗണിലെ എ.ടി.എം. കൗണ്ടറുകളില്‍ പരിശോധന നടത്തി. എ.ടി.എം. കാര്‍ഡ് ഉപയോഗിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് പൊലീസ്.

അക്കൗണ്ട് ഉടമയുടെ എ.ടി.എം.കാര്‍ഡ് വിവരങ്ങളും പിന്‍നമ്പറും ചോര്‍ത്തി പണം തട്ടുന്ന രീതിയാണ് വടകരയില്‍ ഉണ്ടായത്. പത്ത് പരാതികള്‍ ഇതുസംബന്ധിച്ച് കിട്ടിയിരുന്നു. പണം പിന്‍വലിക്കപ്പെട്ടശേഷം മാത്രമാണ് ഉടമകള്‍ വിവരമറിഞ്ഞത്.എ.ടി.എം. കാര്‍ഡ് ഇടുന്ന ഭാഗത്ത് കാര്‍ഡ് റീഡര്‍ പോലെയുള്ള സ്‌കിമ്മര്‍ സ്ഥാപിച്ച് സ്‌കിമ്മറിലൂടെ എ.ടി.എം. കാര്‍ഡിന്റെ മാഗനറ്റിക് ചിപ്പ് റീഡ് ചെയ്യുകയും എ.ടി.എം. കാര്‍ഡ് നമ്പര്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ചോര്‍ത്തുകയുംചെയ്യുമെന്നാണ് പൊലീസ് വിലയിരുത്തല്‍.

ഈ വിവരങ്ങള്‍ മറ്റൊരു കാര്‍ഡില്‍ പകര്‍ത്തിയാണ് തട്ടിപ്പ് നടത്തുന്നത്.എ.ടി.എം. കാര്‍ഡ് തട്ടിപ്പ് തടയാന്‍ കോഴിക്കോട് റൂറല്‍ ജില്ലാ പോലീസ് സൂപ്രണ്ട് പുറത്തിറക്കിയ പത്രക്കുറിപ്പിലൂടെ ചില നിര്‍ദേശങ്ങള്‍ പുറത്തിറക്കി.

* എ.ടി.എം. കാര്‍ഡ് ഇന്‍സര്‍ട്ട് ചെയ്യുന്ന ഭാഗത്ത് അസ്വഭാവികമായി ഏതെങ്കിലും ഉപകരണങ്ങളുണ്ടോ എന്നുപരിശോധിക്കുക.

* പിന്‍നമ്പര്‍ ഉപയോഗിക്കുമ്പോള്‍ കീബോര്‍ഡ് കൈപ്പത്തികൊണ്ട് മറയ്ക്കുക.

* എ.ടി.എം കാര്‍ഡുകള്‍ പി.ഒ.എസ് യന്ത്രത്തില്‍ ഉപയോഗിക്കുമ്പോള്‍ ജാഗ്രത പാലിക്കണം.

* എ.ടി.എം പിന്‍നമ്പര്‍ ഇടയ്ക്കിടെ മാറ്റുക.

* പിന്‍നമ്പറുകള്‍ ആരുമായും പങ്കുവെക്കരുത്.

* പണം പിന്‍വലിച്ചതുമായി ബന്ധപ്പെട്ട് ബാങ്കില്‍നിന്ന് വരുന്ന സന്ദേശം ശ്രദ്ധിക്കുക.

* മൊബൈല്‍ ഫോണില്‍ വരുന്ന അനാവശ്യ ലിങ്കുകള്‍ ക്ലിക്ക് ചെയ്യരുത്.