വടകരയിലെ എടിഎം തട്ടിപ്പ് കേസ്; മുഖ്യ സൂത്രധാരന്‍ ഡല്‍ഹിയില്‍ അറസ്റ്റില്‍


വടകര: വടകരയിലെ എ.ടി.എം. കൗണ്ടറുകളില്‍ സ്‌കിമ്മറും രഹസ്യക്യാമറയും സ്ഥാപിച്ച് എ.ടി.എം. കാര്‍ഡ് വിവരങ്ങള്‍ ചോര്‍ത്തി പണം തട്ടിയ സംഭവത്തില്‍ ഒരാള്‍ ഡല്‍ഹിയില്‍ അറസ്റ്റില്‍. തട്ടിപ്പിന്റെ സൂത്രധാരനെന്ന് സംശയിക്കുന്ന ഡല്‍ഹി മജ്ബൂറിലെ ദുര്‍ഗാസ്ട്രീറ്റില്‍ സുഗീത് വര്‍മ (41)യെയാണ് വടകര പോലീസ് പിടികൂടിയത്. രണ്ട് ഉത്തരേന്ത്യക്കാര്‍കൂടി അറസ്റ്റിലാകാനുണ്ട്.

ഉത്തരേന്ത്യന്‍ സംഘത്തിന് പ്രാദേശികമായി സഹായം നല്‍കിയ രണ്ടുപേര്‍ നേരത്തേ അറസ്റ്റിലായിരുന്നു. ഇന്‍സ്റ്റഗ്രാം വഴിയാണ് സംഘം ഇവരുമായി ബന്ധം സ്ഥാപിച്ചത്. 2015ല്‍ ആഗ്രയിലും എ.ടി.എം. തട്ടിപ്പുകേസില്‍ പ്രതിയാണ് സുഗീത്. വടകരയില്‍ നിന്നുമാത്രം 30 അക്കൗണ്ടുകളില്‍നിന്നായി ആറുലക്ഷം രൂപ സംഘം തട്ടിയിട്ടുണ്ടെന്ന് വടകര ഡിവൈ.എസ്.പി. മൂസ വള്ളിക്കാടന്‍ പറഞ്ഞു. ചോര്‍ത്തിയത് 108 അക്കൗണ്ടുകളുടെ വിവരങ്ങളാണ്.

സുഗീതും മറ്റ് രണ്ട് ഉത്തരേന്ത്യന്‍ സ്വദേശികളുമാണ് വടകരയിലെത്തി സ്‌കിമ്മറും രഹസ്യക്യാമറയും എ.ടി.എം. കൗണ്ടറില്‍ സ്ഥാപിച്ചത്. പുതിയസ്റ്റാന്‍ഡിനു സമീപത്തുള്ള പി.എന്‍.ബി. ബാങ്കിന്റെ എ.ടി.എം. കൗണ്ടറില്‍ ഇത് സ്ഥാപിച്ചു. മറ്റ് എ.ടി.എം. കൗണ്ടറുകളിലും ശ്രമം നടത്തിയിരുന്നു. പി.എന്‍.ബി. എ.ടി.എം. കൗണ്ടറില്‍ എ.ടി.എം. യന്ത്രത്തിന്റെ നേരെ മുകളിലായി സീലിങ്ങിനുള്ളിലാണ് രഹസ്യക്യാമറ സ്ഥാപിച്ചത്. ക്യാമറ വെച്ച ഭാഗം സുഗീത് തെളിവെടുപ്പിനിടെ പോലീസിന് കാണിച്ചുകൊടുത്തു. എ.ടി.എം. കാര്‍ഡ് ഇടുന്ന ഭാഗത്ത് സ്ഥാപിച്ച സ്‌കിമ്മര്‍ വഴി കാര്‍ഡ് വിവരങ്ങള്‍ ചോര്‍ത്തിയപ്പോള്‍ രഹസ്യക്യാമറയിലൂടെയാണ് പിന്‍ നമ്പര്‍ ചോര്‍ത്തിയത്.

ഇവര്‍ സ്‌കിമ്മറും ക്യാമറയും സ്ഥാപിക്കുന്ന ദൃശ്യം എ.ടി.എം. കൗണ്ടറിലെ ക്യാമറയില്‍നിന്ന് ലഭിച്ചിട്ടുണ്ട്. തിരിച്ച് ഡല്‍ഹിയിലേക്ക് മടങ്ങുംമുമ്പെ വടകരയിലെ ഒരു കൊറിയര്‍ സ്ഥാപനത്തില്‍ പോയി സ്‌കിമ്മറും ക്യാമറയും മറ്റും ഡല്‍ഹിയിലേക്ക് കൊറിയര്‍ ചെയ്യാന്‍ ശ്രമിച്ചതിന്റെ തെളിവും കിട്ടി. 108 കാര്‍ഡുകളുടെ വിവരങ്ങള്‍ ഇവര്‍ ചോര്‍ത്തിയെങ്കിലും 30 പേരുടെ പണമാണ് നഷ്ടപ്പെട്ടത്. പരാതി വന്നയുടന്‍തന്നെ എ.ടി.എം. കാര്‍ഡുകളുടെ പിന്‍നമ്പര്‍ മാറ്റാന്‍ പോലീസ് നിര്‍ദേശിച്ചതാണ് കൂടുതല്‍ തട്ടിപ്പ് തടഞ്ഞത്.