ലോക്ഡൗൺ കാലത്ത് കൊയിലാണ്ടിയിൽ സന്നദ്ധ സേവനത്തിൻ്റെ പുതിയ മാതൃക തീർത്ത്
സിവിൽ ഡിഫൻസ് ടീം


കൊയിലാണ്ടി: കോവിഡ് കാലത്ത് സന്നദ്ധ സേവനത്തിൻ്റെ നവമാതൃക തീർക്കുകയാണ് കൊയിലാണ്ടിയിലെ സിവിൽ ഡിഫൻസ് ടീം. പോലീസിനൊപ്പം അണിചേർന്ന് വാഹന പരിശോധനയിൽ പങ്കെടുത്തും, സിഎഫ്എൽടിസി കളിൽ വളണ്ടിയർ സേവനം നിർവ്വഹിച്ചും, സംസ്ഥാനത്തിൻ്റെ ഏതു ഭാഗത്തു നിന്നും പൊതുജനങ്ങൾക്ക് അവശ്യമരുന്നുകൾ എത്തിച്ചു നൽകിയും സേവന സന്നദ്ധരായി കൊയിലാണ്ടിയിൽ ഇവരുണ്ട്.

പ്രളയകാലത്തെ ദുരന്തനിവാരണ പ്രവർത്തനത്തിൻ്റെ ജനകീയ മാതൃകയിൽ നിന്ന് ഊർജം ഉൾക്കൊണ്ടാണ് കേരള സർക്കാർ കഴിഞ്ഞ വർഷം അൻപത് പേരടങ്ങുന്ന സിവിൽ ഡിഫൻസ് ടീമിന് ഓരോ ഫയർസ്റ്റേഷന് കീഴിലും രൂപം നൽകിയത്. സ്റ്റേഷനടിസ്ഥാനത്തിലും, ജില്ലാ – സംസ്ഥാന അടിസ്ഥാനത്തിലും ട്രെയിനിംഗ് പൂർത്തികരിച്ച കൊയിലാണ്ടി ഫയർ സ്റ്റേഷന് കീഴിലെ അൻപതംഗ സേന നിരവധി രക്ഷാപ്രവർത്തനങ്ങൾക്കാണ് കഴിഞ്ഞ ഒരു വർഷത്തിനിടെ നേതൃത്വം നൽകിയത്.

കഴിഞ്ഞ ലോക്ഡൗൺ കാലയളവിൽ അവശ്യമരുന്നുകൾ സംസ്ഥാനത്തിന്റെ ഏതു ഭാഗത്തു നിന്നും എത്തിച്ചു നൽകിയ സിവിൽ ഡിഫൻസ് ടീമിൻ്റ പ്രവർത്തനം ഏറെ ശ്രദ്ധേനേടിയിരുന്നു. ഈ ലോക്ഡൗൺ കാലത്തും മരുന്നുവിതരണം കൃത്യമായി നടന്നു വരുന്നുണ്ടെന്ന് ടീമംഗങ്ങൾ പറഞ്ഞു. മരുന്നുകൾ ആവശ്യമുള്ളവർ കൊയിലാണ്ടി ഫയർസ്റ്റേഷൻ നമ്പറായ 0496-2622101 ലോ, ടീം ലീഡേർസിൻ്റെ 9946164636, 9048395422 നമ്പറുകളിലോ ബന്ധപ്പെടാവുന്നതാണ്.

കൊയിലാണ്ടി ഫയർസ്റ്റേഷൻ ഓഫീസർ ആനന്ദൻ്റെ നേതൃത്വത്തിൽ പോസ്റ്റ് വാർഡൻ ബിജു, ഡെപ്യുട്ടി വാർഡൻ മമ്മദ് കോയ എന്നിവർ സിവിൽ ഡിഫൻസ് ടീമിന് നേതൃത്വം നൽകുന്നു. മാതൃകാ പരമായ സന്നദ്ധ പ്രവർത്തകർക്ക് യാത്രാ ച്ചെലവെങ്കിലും സർക്കാർ തലത്തിൽ അനുവദിക്കണമെന്ന ആവശ്യമാണ് ഇവർക്കുള്ളത്.