ലോക്ഡൗണ്‍ ഇളവുകള്‍ ടിപിആര്‍ അടിസ്ഥാനമാക്കി; നിങ്ങളുടെ പഞ്ചായത്ത് ഏത് കാറ്റഗറിയില്‍? വിശദ വിവരങ്ങൾ അറിയാം


കോഴിക്കോട്: സംസ്ഥാനത്തെ മുഴുവന്‍ പ്രദേശങ്ങളെയും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തില്‍ നാല് കാറ്റഗറികള്‍ ആയി തിരിച്ചിരിക്കുന്നു. ഓരോ ആഴ്ചയിലേയും ടി പി ആര്‍ നിരക്കിന്റെ അടിസ്ഥാനത്തിലാണിത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ശതമാനത്തില്‍ കൂടുതലുള്ള പ്രദേശങ്ങളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തും. ടിപിആര്‍ നിരക്ക് 20 ശതമാനത്തിനിടയിലും 30 ശതമാനത്തിനിടയിലുമുള്ള പ്രദേശങ്ങളില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ ആയിരിക്കും.

ടിപിആര്‍ നിരക്ക് എട്ടു ശതമാനത്തിനും 20 ശതമാനത്തിനും ഇടയിലുള്ള പ്രദേശങ്ങളില്‍ ഭാഗിക ലോക്ഡൗണും എട്ടില്‍ താഴെയുള്ള പ്രദേശങ്ങളില്‍ നിയന്ത്രണങ്ങള്‍ പാലിച്ച് സാധരണ പ്രവര്‍ത്തനം അനുവദിക്കും. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് എട്ടിന് താഴെയുള്ള തദ്ദേശ സ്വയംഭരണ പ്രദേശങ്ങളില്‍ എല്ലാം കടകളും രാവിലെ ഏഴു മുതല്‍ വൈകുന്നേരം ഏഴു വരെ തുറന്നു പ്രവര്‍ത്തിക്കാം. എന്നാല്‍ 50 ശതമാനം ജീവനക്കാര്‍ മാത്രമേ പാടുള്ളൂ. ഇപ്രകാരം പേരാമ്പ്ര മേഖലയിലെ വിവിധ പഞ്ചായത്തുകള്‍ ഏതു കാറ്റഗറിയില്‍ ആണെന്നും, ഇളവുകള്‍ എന്തെല്ലാമാണെന്നും പരിശോധിക്കാം.

8 ശതമാനത്തിന് താഴെ വരുന്ന മേഖലകളെ കാറ്റഗറി എ യില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. പേരാമ്പ്ര മേഖലയിലെ എട്ട് പഞ്ചായത്തുകള്‍ കാറ്റഗറി എ യിലാണ് ഉള്‍പ്പെടുന്നത്. പേരാമ്പ്ര, ചങ്ങരോത്ത്, കായണ്ണ, മേപ്പയ്യൂര്‍, കീഴരിയൂര്‍, കൂത്താളി, നൊച്ചാട് എന്നിവയാണ് കാറ്റഗറി എ യില്‍ ഉള്‍പ്പെട്ടവ. ടിപിആര്‍ നിരക്ക് എട്ടു ശതമാനത്തിനും 19 ശതമാനത്തിനും ഇടയിലുള്ള തദ്ദേശ സ്ഥാപനങ്ങളാണ് കാറ്റഗറി ബി യില്‍ ഉള്‍പ്പെടുക. ഇപ്രകാരം ചെറുവണ്ണൂര്‍, അരിക്കുളം,തുറയൂര്‍ ഗ്രാമപഞ്ചായത്തുകള്‍ കാറ്റഗറി ബി’യാണ് ഉള്‍പ്പെട്ടിരിക്കുന്നത്.

കാറ്റഗറി-എ ( ടിപിആര്‍ നിരക്ക് 8% ത്തിനു താഴെ)

*എല്ലാവിധ സ്ഥാപനങ്ങളും റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ 25% ജീവനക്കാരെ വെച്ച് പ്രവര്‍ത്തനം നടത്താവുന്നതാണ്. ബാക്കിയുള്ള ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം നടപ്പാക്കാം

*തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ എല്ലാവിധത്തിലുള്ള കടകളും അക്ഷയകേന്ദ്രങ്ങള്‍ ഉള്‍പ്പെടെ രാവിലെ 7 മണി മുതല്‍ വൈകിട്ട് 7 മണി വരെ 50 ശതമാനം ജീവനക്കാരെ വെച്ച് തുറന്ന് പ്രവര്‍ത്തിക്കാം

*ടാക്സി ഓട്ടോറിക്ഷ വാഹനങ്ങള്‍ക്ക് സര്‍വീസ് നടത്താം. ടാക്സികളില്‍ ഡ്രൈവറടക്കം നാലുപേരെയും ഓട്ടോറിക്ഷകളില്‍ ഡ്രൈവറടക്കം മൂന്നുപേര്‍ക്കും യാത്ര അനുമതി.

*ബീവറേജ് കോര്‍പ്പറേഷന്റെ ഔട്ട്‌ലെറ്റുകളില്‍ നിന്നും ബാറുകളില്‍ നിന്നും മദ്യം പാര്‍സലായി വാങ്ങാം. ജനക്കൂട്ടം നിയന്ത്രിക്കുന്നതിന് മൊബൈല്‍ ആപ്പ് ഉപയോഗിക്കേണ്ടതാണ്

*ശാരീരിക അകലം പാലിച്ച് കായികവിനോദങ്ങള്‍ തുറസ്സായ സ്ഥലങ്ങളില്‍ നടത്താവുന്നതാണ്. പ്രഭാതസവാരിയും സായാഹ്ന സവാരിയും സാമൂഹിക അകലം പാലിച്ച് നടത്താം.

*ഹോട്ടലുകളിലും റസ്റ്റോറന്റ് കളിലും രാവിലെ 7 മണി മുതല്‍ വൈകിട്ട് 7 മണി വരെ പാര്‍സല്‍ സംവിധാനം നടപ്പിലാക്കാം. വൈകിട്ട് 7 മണിക്ക് ശേഷം രാത്രി 9 30 വരെ ഹോം ഡെലിവറി നടത്താം.

*വീട്ടു ജോലിക്കുള്ള തൊഴിലാളികള്‍ക്ക് യാത്രകള്‍ അനുവദനീയമാണ്.

കാറ്റഗറി-ബി (ടിപിആര്‍ നിരക്ക് എട്ടിനും പത്തൊമ്പതിനും ഇടയില്‍)

*എല്ലാവിധ സര്‍ക്കാര്‍ അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളും റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ 25 ശതമാനം ജീവനക്കാരെ വെച്ച് പ്രവര്‍ത്തനം നടത്താവുന്നതാണ്. ബാക്കിയുള്ള ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം നടപ്പിലാക്കാം

*തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അവശ്യവസ്തുക്കള്‍ വില്‍പന നടത്തുന്ന എല്ലാ കടകളും രാവിലെ 7 മണി മുതല്‍ വൈകിട്ട് 7 മണി വരെ 50 ശതമാനം ജീവനക്കാരെ വെച്ച് എല്ലാ ദിവസങ്ങളിലും തുറന്ന് പ്രവര്‍ത്തിപ്പിക്കാവുന്നതാണ്. മറ്റു വാണിജ്യസ്ഥാപനങ്ങള്‍ 50 ശതമാനം ജീവനക്കാരെ വച്ച് തിങ്കള്‍ ബുധന്‍ വെള്ളി ദിവസങ്ങളില്‍ തുറന്നു പ്രവര്‍ത്തിപ്പിക്കാം

*അക്ഷയകേന്ദ്രങ്ങള്‍ എല്ലാ ദിവസവും രാവിലെ 7 മണി മുതല്‍ വൈകിട്ട് 7 മണി വരെ തുടര്‍ന്ന് പ്രവര്‍ത്തിപ്പിക്കാം

*ബീവറേജ് കോര്‍പ്പറേഷന്റെ ഔട്ട്‌ലെറ്റുകളില്‍ നിന്നും ബാറുകളില്‍ നിന്നും മദ്യം പാര്‍സലായി വാങ്ങാവുന്നതാണ്.

*ശാരീരിക അകലം പാലിച്ച് കായികവിനോദങ്ങള്‍ തുറസ്സായ സ്ഥലങ്ങളില്‍ നടത്താവുന്നതാണ്. പ്രഭാതസവാരിയും സായാഹ്ന സവാരിയും സാമൂഹിക അകലം പാലിച്ച് നടത്താം.

*ഹോട്ടലുകളിലും റസ്റ്റോറന്റ് കളിലും രാവിലെ 7 മണി മുതല്‍ വൈകിട്ട് 7 മണി വരെ പാര്‍സല്‍ സംവിധാനം നടപ്പിലാക്കാം. വൈകിട്ട് 7 മണിക്ക് ശേഷം രാത്രി 9 30 വരെ ഹോം ഡെലിവറി നടത്താം.

*വീട്ടു ജോലിക്കുള്ള തൊഴിലാളികള്‍ക്ക് യാത്രകള്‍ അനുവദനീയമാണ്.