ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ ഇളവുകൾ ഇന്നും നാളെയും; കടകള്‍ 8 മണി വരെ തുറക്കാം


തിരുവനന്തപുരം: സംസ്ഥാനത്തു ബക്രീദ് പ്രമാണിച്ച് ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ പ്രഖ്യാപിച്ച ഇളവുകൾ തിങ്കളും ചൊവ്വയും തുടരും. ട്രിപ്പിൾ ലോക്ഡൗൺ ഉള്ള ‘ഡി’ വിഭാഗം പ്രദേശങ്ങളിൽ ഇന്നുമാത്രം കടകൾ തുറക്കാം. എ, ബി വിഭാഗം പ്രദേശങ്ങളിൽ ബവ്കോ, കൺസ്യൂമർഫെഡ് മദ്യവിൽപനശാലകളും ബാറുകളും ഇന്നുമുതൽ പ്രവർത്തിക്കും.

ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ഇന്നു പ്രവർത്തിക്കും. ഡ്രൈവിങ് ടെസ്റ്റും പരിശീലനവും ഇന്നു പുനരാരംഭിക്കും. വാഹനത്തിൽ ഇൻസ്ട്രക്ടർക്കു പുറമേ ഒരു സമയം ഒരു പഠിതാ‍വു മാത്രമേ പാടുള്ളൂ.

ലോക്ക്ഡൗണ്‍ നയം മാറിയതിന് ശേഷം നിലവില്‍ വന്ന നാല് വിഭാഗങ്ങളിലും ഇളവുകള്‍ ലഭ്യമാകും. എന്നാല്‍ ജാഗ്രതയില്‍ ഒട്ടും വിട്ടുവീഴ്ച വരാന്‍ പാടില്ല. സംസ്ഥാനത്ത് എല്ലായിടത്തും നിരീക്ഷണം ശക്തമാക്കാന്‍ സംസ്ഥാന പൊലീസ് മേധാവി ജില്ലാ എസ്പിമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കടകള്‍ തുറക്കുന്ന സാഹചര്യത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കും. ആരാധനാലയങ്ങളില്‍ വിശ്വാസികള്‍ക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ട് പരമാവധി 40 പേര്‍ക്ക് ആരാധനാലയങ്ങളില്‍ പ്രവേശിക്കാം.

ഡി വിഭാഗത്തിലുള്ള പ്രദേശങ്ങളില്‍ ബക്രീദ് പ്രമാണിച്ച് നിയന്ത്രണങ്ങള്‍ക്കു വിധേയമായി തിങ്കളാഴ്ച കടകള്‍ തുറക്കാന്‍ സർക്കാർ അനുമതി നൽകി. ഇലക്ട്രോണിക് ഷോപ്പുകളും ഇലക്ട്രോണിക് റിപ്പയര്‍ ഷോപ്പുകളും വീട്ടുപകരണങ്ങള്‍ വില്‍ക്കുന്ന ഷോപ്പുകളും കാറ്റഗറി എ, ബി പ്രദേശങ്ങളില്‍ തിങ്കള്‍ മുതല്‍ വെള്ളി വരെ രാവിലെ ഏഴ് മുതല്‍ രാത്രി എട്ട് വരെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കും.

വിശേഷ ദിവസങ്ങളില്‍ ആരാധനാലയങ്ങളില്‍ 40 പേര്‍ക്ക് വരെ പ്രവേശനം അനുവദിക്കും. ആ എണ്ണം പാലിക്കാൻ ആരാധനാലയങ്ങളുടെ ചുമതലപ്പെട്ടവർ പ്രത്യേകം ശ്രദ്ധിക്കണം. ഒരു ഡോസ് വാക്സിനെങ്കിലും എടുത്തവര്‍ക്കാകണം പ്രവേശനം.

എ, ബി വിഭാഗങ്ങളില്‍ പെടുന്ന പ്രദേശങ്ങളില്‍ മറ്റു കടകള്‍ തുറക്കാന്‍ അനുമതിയുള്ള ദിവസങ്ങളില്‍ ബ്യൂട്ടിപാര്‍ലറുകളും ബാര്‍ബര്‍ഷോപ്പോകളും ഒരു ഡോസ് വാക്സിനേഷനെങ്കിലും എടുത്ത സ്റ്റാഫുകളെ ഉള്‍പ്പെടുത്തി ഹെയര്‍ സ്റ്റൈലിംഗിനായി തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കും. സീരിയല്‍ ഷൂട്ടിംഗ് അനുവദിച്ചതു പോലെ. കാറ്റഗറി എ, ബി പ്രദേശങ്ങളില്‍ കര്‍ക്കശമായ നിയന്ത്രണങ്ങള്‍ക്കു വിധേയമായി സിനിമ ഷൂട്ടിങ്ങും അനുവദിക്കും. ഒരുഡോസെങ്കിലും വാക്സിന്‍ എടുത്തവര്‍ക്കുമാത്രമാകണം ഇത്തരം എല്ലായിടത്തും പ്രവേശനം.

എഞ്ചിനിയറിങ്ങ്-പോളി ടെക്നിക്ക് കോളേജുകളില്‍ സെമസ്റ്റര്‍ പരീക്ഷ ആരംഭിച്ചതിനാല്‍ ഹോസ്റ്റലുകളില്‍ താമസിക്കാന്‍ സൗകര്യം നല്‍കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൂടുതല്‍ ക്രമീകരണങ്ങള്‍ അടുത്ത അവലോകന യോഗം ചര്‍ച്ചചെയ്യും.