ലോക്ക്ഡൗണ്‍: മുഴുവന്‍ വ്യാപാര സ്ഥാപനങ്ങളുടേയും വാടക പൂര്‍ണ്ണമായും ഒഴിവാക്കി അലങ്കാര്‍ ഭാസ്കര്‍


പേരാമ്പ്ര: ലോക്ക്ഡൗണ്‍ തളര്‍ത്തിയ വ്യാപാരികള്‍ക്ക് ആശ്വാസമായി പേരാമ്പ്രയിലെ പ്രമുഖ വ്യാപാരി അലങ്കാര്‍ ഭാസ്‌കരന്‍. തന്റെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളില്‍ വ്യാപാരം നടത്തുന്നവര്‍ക്ക് വാടക പൂര്‍ണമായ് ഒഴിവാക്കി നല്‍കുകയായിരുന്നു ഭാസ്‌ക്കരന്‍. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന അംഗവും കോഴിക്കോട് ജില്ലാ സെക്രട്ടറിയുമാണ് അലങ്കാര്‍ ഭാസ്‌കരന്‍.

ഇതോടെ ലോക്ഡൗണില്‍ കച്ചവടം നടത്താന്‍ കഴിയാതെ ദുരിതത്തിലായ വ്യാപാരികള്‍ക്ക് ആശ്വാസമാവുകയായിരുന്നു കെട്ടിട ഉടമയുടെ തീരുമാനം. ലോക്ഡൗണ്‍ തുടങ്ങിയ അന്ന് മുതല്‍ കച്ചവട സ്ഥാപനങ്ങളൊക്കെ അടച്ചിട്ടിരിക്കുകയാണ്. ഹോട്ടല്‍, പലചരക്ക്, ബേക്കറി എന്നിങ്ങനെ 10 ശതമാനം കടകള്‍ മാത്രമേ തുറക്കുന്നുള്ളൂ. അതിനാല്‍ ഭൂരിഭാഗം വ്യാപാരികളുടേയും ജീവിതം വലിയ പ്രയാസത്തിലായിരുന്നു.

വ്യാപാരികളുടെ പ്രയാസങ്ങള്‍ കണ്ടറിഞ്ഞാണ് വ്യാപാരികളുടെ സംസ്ഥാന നേതാവുകൂടിയായ ഇദ്ദേഹം ലോക്ക് ഡൗണ്‍ കാലയളവില്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ സാധിക്കാത്ത മുഴുവന്‍ വ്യാപാര സ്ഥാപനങ്ങളുടെയും വാടക പൂര്‍ണ്ണമായും ഒഴിവാക്കിയത്. കഴിഞ്ഞവര്‍ഷത്തെ ലോക്ക്ഡൗണിലും സമാനമായി കെട്ടിട വാടക ഒഴിവാക്കി നല്‍കിയിരുന്നു വ്യാപാരികളുടെ സ്വന്തം അലങ്കാര്‍ ഭാസ്‌കരന്‍.

മഹാമനസ്‌ക്കത കാണിച്ച അലങ്കാര്‍ ഭാസ്‌ക്കരന് പേരാമ്പ്ര മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ അഭിനന്ദനം അറിയിച്ചു.