ലോകരാജ്യങ്ങള്‍ക്കിടയില്‍ ഭീതി പരത്തി ‘ഒമിക്രോണ്‍’; കൊവിഡിന്റെ പുതിയ വകഭേദം അപകടകാരിയോ? എന്താണ് ഒമിക്രോണെന്ന് വിശദമായി നോക്കാം (വീഡിയോ കാണാം)


കൊവിഡിൻറെ ദക്ഷിണാഫ്രിക്കൻ വകഭേദമായ ഒമിക്രോൺ പടർന്നു പിടിക്കാൻ തുടങ്ങിയത് ലോകത്തിന് വീണ്ടും ഭീഷണിയാവുകയാണ്. പലയിടത്തും നിലവിലെ രോഗികളുടെ എണ്ണവും വൈറസിന്റെ പ്രഹരശേഷിയും ഒരു പരിധി വരെ കുറഞ്ഞുവെന്ന് ആശ്വസിക്കുന്ന സമയത്താണ് വ്യാപനശേഷിയും പ്രഹരശേഷിയും കൂടിയ ഒമിക്രോൺ വകഭേദം വ്യാപിക്കുന്നത്.

പത്ത് കോവിഡ് വൈറസ് വകഭേദങ്ങളാണ് ഇതുവരെ കണ്ടെത്തിയിട്ടുളളത്. ഇതില്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ കണ്ടെത്തിയ ഡെല്‍റ്റ വകഭേദമാണ് ഇപ്പോള്‍ പല രാജ്യങ്ങളിലും ഉള്ളതും കൂടുതല്‍ വ്യാപനശേഷി ഉണ്ടായിരുന്നതും.

ഇതിനേക്കാള്‍ പകര്‍ച്ചാ ശേഷിയുള്ളതാണ് ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ പുതിയ വൈറസ് വകഭേദമെന്നാണ് ഗവേഷകര്‍ പറയുന്നത്. ഇതുവരെയുള്ളതില്‍ ഏറ്റവും കൂടുതല്‍ ജനിതകമാറ്റം വന്ന വൈറസ് വകഭേദം കൂടിയാണിത്.

ഒമിക്രോൺ ആദ്യം കണ്ടെത്തിയത്:

ദക്ഷിണാഫ്രിക്കയിലാണ് ആദ്യമായി ഒമിക്രോൺ വകഭേദം കണ്ടെത്തിയത്. ഇതിൻറെ ഭാഗമായി നടത്തിയ പരിശോധനയിൽ B.1.1. 529 കണ്ടെത്തുകയും ചെയ്തു. ബെൽജിയം, ഹോങ്കോങ്ങ്, ഇസ്രയേൽ, സൗത്ത് ആഫ്രിക്ക എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാരിലും ഈ വകഭേദം കണ്ടെത്തിയിട്ടുണ്ട്.

അപകടകാരിയാകുന്നത് ഇങ്ങനെ:

ധാരാളം മ്യൂട്ടേഷൻ സംഭവിച്ചിട്ടുള്ളതാണ് പുതുതായി കണ്ടെത്തിയ ഒമിക്രോൺ വേരിയന്റ്. അതുകൊണ്ട് തന്നെ കൂടുതൽ പേരിലേയ്ക്ക് രോഗം വ്യാപിക്കാൻ ഇത് കാരണമാകും. മാത്രമല്ല, മുൻപ് കൊവിഡ് ബാധിച്ച ആളുകളിൽ കൂടുതൽ അപകടകാരിയാകാനും ഈ വകഭേദത്തിന് സാധിക്കും.

50 ലേറെ ജനിതകമാറ്റങ്ങള്‍

പല തവണ മ്യൂട്ടേഷൻ സംഭവിച്ചു കഴിഞ്ഞ വൈറസ് വകഭേദങ്ങൾ കൂടുതൽ ശക്തിയോടെയാണ് വ്യാപിക്കാറുള്ളത്. രണ്ടോ മൂന്നോ തവണ മാത്രം ജനിതകമാറ്റം സംഭവിച്ച വൈറസുകളുടെ പ്രഹരം പോലും അതി ശക്തമായിരുന്നു. വുഹാനില്‍ കണ്ടെത്തിയ ആദ്യ വൈറസില്‍ നിന്നും 50 ലേറെ ജനിതകമാറ്റങ്ങള്‍ ഈ വൈറസിന് വന്നതായി ഗവേഷകര്‍ പറയുന്നു. ഇതില്‍ മുപ്പതെണ്ണം വൈറസിന്റെ സ്‌പൈക്ക് പ്രോട്ടീനിലാണ്. ആ സാഹചര്യത്തിലാണ് 30 തവണ സപൈക്ക് പ്രോട്ടീനിൽ ജനിതക മാറ്റം സംഭവിച്ച ഒമിക്രോൺ വകഭേദം രാജ്യങ്ങളിൽ നിന്ന് രാജ്യങ്ങളിലേക്ക് പകരുന്നത്.

ശരീരത്തിലെ കോശങ്ങളിലേക്ക് കയറാന്‍ വൈറസിനെ സഹായിക്കുന്ന ഭാഗമാണ് സ്‌പൈക്ക് പ്രോട്ടീന്‍. നിലവിലെ വാക്‌സിനുകളുടേയും ലക്ഷ്യം സ്‌പൈക്ക് പ്രോട്ടീനായതിനാല്‍ നിലവില്‍ വാക്‌സിന്‍ നല്‍കുന്ന പ്രതിരോധശേഷിയെ മറികടക്കാന്‍ ഈ വൈറസിന് കഴിയുമോ എന്നതാണ് പ്രധാന ആശങ്ക. വാക്‌സിനുകളുടെ ഫലപ്രാപ്തി എത്രത്തോളം എന്നറിയാന്‍ ഇനിയും ആഴ്ചകള്‍ നീളുന്ന പഠനങ്ങള്‍ വേണ്ടി വരുമെന്നാണ് ഗവേഷകര്‍ പറയുന്നത്.

ആഫ്രിക്കയിലെ ബോട്ട്സ്വാനയിൽ കണ്ടെത്തിയ B.1.1. 529 വകഭേദം ഇത്തരത്തിൽ ജനിതകമാറ്റം സംഭവിച്ച വകഭേദമാണ്. വൈറസ് ബാധിച്ചവരിൽ ലക്ഷണങ്ങൾ പ്രകടമാകാത്തതും എന്നാൽ ശരീരത്തിലെ അവയവങ്ങളെ ബാധിക്കുന്നതും ഗുരുതര പ്രശ്നങ്ങളിലേക്ക് വഴിവെക്കും. എന്നാൽ കുറഞ്ഞ സമയംകൊണ്ട് ഈ വകഭേദം എത്രത്തോളം അപകടകാരിയാണെന്ന് കണ്ടെത്താൻ സാധിച്ചിട്ടില്ല.

ലോക രാജ്യങ്ങൾ ഭീതിയിൽ:

27 യൂറോപ്യൻ രാജ്യങ്ങൾ സൗത്താഫ്രിക്കയിൽ നിന്നുള്ള യാത്രക്കാരെ വിലക്കിയിട്ടുണ്ട്. യു.എസ്, കാനഡ തുടങ്ങിയ രാജ്യങ്ങളും ഇവിടങ്ങളിൽ നിന്നുള്ള യാത്രയ്ക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

ഒമിക്രോൺ യൂറോപ്പിലും :

ദക്ഷിണാഫ്രിക്കൻ വകഭേദമായ ഒമിക്രോൺ യൂറോപ്പിലും കണ്ടെത്തി. ബെൽജിയത്തിലാണ് ആദ്യ കേസ് റിപ്പോർട്ട് ചെയ്തത്.

കടപ്പാട്: മാതൃഭൂമി ന്യൂസ്