ലോകത്ത് 6.79 കോടി കൊവിഡ് ബാധിതർ, 15,49,613 മരണം
ന്യൂയോർക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ആറ് കോടി എഴുപത്തിയൊമ്പത് ലക്ഷം പിന്നിട്ടു. അഞ്ച് ലക്ഷത്തിലധികം പുതിയേ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 6,79,03,226 ആയി ഉയർന്നു. 15,49,613 പേർ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം നാല് കോടി അറുപത്തിയൊമ്പത് ലക്ഷം കടന്നു. അമേരിക്ക, ഇന്ത്യ,ബ്രസീൽ, റഷ്യ തുടങ്ങിയ രാജ്യങ്ങളിൽ രോഗവ്യാപനം രൂക്ഷമായി തുടരുകയാണ്.
ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണത്തിൽ ഒന്നാം സ്ഥാനത്തുള്ള അമേരിക്കയിൽ 1,80,976 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ആകെ രോഗബാധിതരുടെ എണ്ണം ഒരു കോടി അമ്പത്തിമൂന്ന് ലക്ഷം കടന്നു. മരണസംഖ്യ 2,90,373 ആയി ഉയർന്നു. എൺപത്തിയൊമ്പത് ലക്ഷം പേർ മാത്രമാണ് രോഗമുക്തി നേടിയത്.
ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം 97 ലക്ഷവും മരണം 1.41 ലക്ഷവും പിന്നിട്ടു. ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം നാല് ലക്ഷത്തിൽ താഴെയായി. ഇത് ആകെ രോഗബാധിതരുടെ 4.1 ശതമാനം മാത്രമാണ്. രോഗമുക്തി നിരക്ക് 94 ശതമാനമായി ഉയർന്നു.
ബ്രസീലിലും രോഗവ്യാപനം രൂക്ഷമാകുകയാണ്. അറുപത്തിയാറ് ലക്ഷത്തിലധികം കൊവിഡ് ബാധിതരാണ് ബ്രസീലിലുള്ളത്. 1,77,388 പേർ മരിച്ചു. അമ്പത്തിയെട്ട് ലക്ഷം പേർ രോഗമുക്തി നേടി എന്നത് ആശ്വാസം നൽകുന്നു. രോഗബാധിതരുടെ എണ്ണത്തിൽ ലോകത്ത് നാലാം സ്ഥാനത്ത് റഷ്യയാണ്. രാജ്യത്ത് ഇരുപത്തിനാല് ലക്ഷം പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.